ലക്നൗ: മെയിൻപുരിയില്‍ സ്‌കൂള്‍ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വൈകിയതിനെ തുടർന്ന് മെയിൻപുരി പൊലീസ് സൂപ്രണ്ടിനെ മാറ്റാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. യുപി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ഉടൻ തന്നെ നടപ്പാക്കിയെന്നും പോലീസ് സൂപ്രണ്ട് അജയ് ശങ്കർ റായിയെ മെയിൻപുരി ജില്ലയിൽ നിന്ന് നീക്കിയെന്നും അധികൃതര്‍ അറിയിച്ചു. ഷംലി ജില്ലയിലെ പൊലീസ് സൂപ്രണ്ടായി നിയമിക്കപ്പെട്ട അജയ് കുമാറിനെ മെയിൻപുരിയിലെ പുതിയ എസ്‌പിയായി നിയമിച്ചു. 11-ാം ക്ലാസ് വിദ്യാർഥിനിയെ സെപ്റ്റംബർ പതിനാറിനാണ് മെയിന്‍പുരിയിലെ ഭോഗോൺ പ്രദേശത്തെ സ്കൂളിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി മർദ്ദിക്കപ്പെട്ടിരുന്നെന്നും കൊലപ്പെട്ടതാണെന്നും ആരോപിച്ച് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ സ്‌കൂളിനെതിരെ രംഗത്തെത്തിയിരുന്നു.
സെപ്റ്റംബർ ഇരുപത്തിയേഴിന് സിബിഐ അന്വേഷണം ശുപാർശ ചെയ്ത് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചതായി ആഭ്യന്തര വകുപ്പിന്‍റെ പ്രസ്താവനയിൽ പറയുന്നു. ഇത്തരം ഗുരുതരമായ കേസുകളുടെ അന്വേഷണത്തിൽ കാലതാമസമോ അലസതയോ ഉണ്ടായാല്‍ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പൊലീസ് സൂപ്രണ്ടുമാരെ അറിയിച്ചു.