ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്‍റെ പിതാവ് നന്ദ് കുമാർ ബാഗൽ. നിലവിൽ നന്ദ് കുമാർ ബാഗൽ ഒരു പാർട്ടിയിലെയും അംഗമല്ല. എന്നാൽ കോൺഗ്രസ് അവസരം നൽകുകയാണെങ്കിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ച് രാഹുൽ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയാക്കുമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഏകാധിപത്യ ഭരണം നിർവഹിക്കുന്ന നരേന്ദ്ര മോദി, ഭരണത്തിൽ കയറുമ്പോൾ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റു പാർട്ടികളുമായി കോൺഗ്രസ് സഖ്യം ഉണ്ടാക്കരുത്. അങ്ങിനെ സഖ്യം ഉണ്ടാവുകയാണെങ്കിൽ രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം മതി എന്നും നന്ദ് കുമാർ ബാഗൽ കൂട്ടിച്ചേർത്തു. 2014ൽ മത്സരിച്ച് വിജയിച്ച വാരണാസി മണ്ഡലത്തിൽ നിന്നു തന്നെയാണ് നരേന്ദ്ര മോദി ഇത്തവണയും മത്സരിക്കുന്നത്.