ന്യൂഡൽഹി: രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വെട്ടുകിളി നിയന്ത്രണ പ്രവർത്തനങ്ങൾ സജീവമാണെന്ന് കേന്ദ്ര കാർഷികമന്ത്രാലയം. സംസ്ഥാന കാർഷിക വകുപ്പുകൾ, പ്രാദേശിക ഭരണകൂടങ്ങൾ, അതിർത്തി സുരക്ഷാ സേന (ബിഎസ്‌എഫ്), കേന്ദ്ര കൃഷി, കാർഷിക ക്ഷേമ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. 62 സ്പ്രേ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. സർവേ, നിയന്ത്രണ പ്രവർത്തനങ്ങൾ എന്നിവക്കായി വെട്ടുകിളി മുന്നറിയിപ്പ് ഓർഗനൈസേഷനിലെ 200 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. എല്ലാ സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്.
വെട്ടുകിളികളുടെ ഫലപ്രദമായ നിയന്ത്രണത്തിന് രാജസ്ഥാനിലെ ജയ്‌പൂർ, അജ്‌മീർ, ദോസ, ചിറ്റോർഗഡ്, മധ്യപ്രദേശിലെ ശിവപുരി, ഉത്തർപ്രദേശിലെ ഝാൻസി എന്നിവിടങ്ങളിൽ താൽക്കാലിക ബേസ് ക്യാമ്പുകൾ സ്ഥാപിക്കുകയാണ്. ഇന്തോ-പാക് അതിർത്തികളിൽ രണ്ട് തവണ വെട്ടുകിളിയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്‌തു. ബിക്കാനീർ, ശ്രീഗംഗനഗർ ജില്ലകളിൽ നിയന്ത്രണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജയ്‌സാൽമീർ, ബാർമർ, ജോധ്പൂർ, ബിക്കാനീർ, ശ്രീ ഗംഗനഗർ, ജയ്‌പൂർ, നാഗോർ, രാജസ്ഥാനിലെ അജ്‌മീർ, മധ്യപ്രദേശിലെ പന്ന ജില്ല, ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ല എന്നിവിടങ്ങളിൽ വെട്ടുകിളി കൂട്ടം ഇപ്പോൾ ആക്രമണം നടത്തുന്നു.
വാഹനത്തിൽ ഘടിപ്പിച്ച സ്പ്രേയറുകൾ, ട്രാക്‌ടറുകൾ, അഗ്നിശമനസേന വാഹനങ്ങൾ എന്നിവയുടെ സഹായത്തോടെ എല്ലാ ദിവസവും വെട്ടുകിളി നിയന്ത്രണ പ്രവർത്തനങ്ങൾ രാവിലെയാണ് നടത്തുന്നത്. 2,142 ട്രാക്‌ടറുകളും 46 അഗ്നിശമനസേന വാഹനങ്ങളും രാജസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ട്. മധ്യപ്രദേശിൽ ആകെ 83 ട്രാക്‌ടറുകളും 47 അഗ്നിശമനസേന വാഹനങ്ങളും, ഉത്തർപ്രദേശിൽ നാല് ട്രാക്‌ടറുകളും 16 അഗ്നിശമനസേന വാഹനങ്ങളും, പഞ്ചാബിൽ 50 ട്രാക്‌ടറുകളും ആറ് അഗ്നിശമനസേന വാഹനങ്ങളും, ഗുജറാത്തിൽ 38 ട്രാക്‌ടറുകളും പ്രവർത്തിക്കുന്നു.