ചെന്നൈ: പൊലീസ് കസ്റ്റഡിയിലെ ക്രൂരത, പീഡനം തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി സ്വതന്ത്ര പൊലീസ് പരാതി സമിതി രൂപീകരിക്കാൻ തമിഴ്‌നാട് സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ് ചലച്ചിത്രതാരം കമൽഹാസന്‍റെ പാർട്ടി മക്കൾ നീതി മയ്യം. മദ്രാസ് ഹൈക്കോടതിയിലാണ് മക്കള്‍ നീതി മയ്യം പാര്‍ട്ടി ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്. മുൻ ഐപിഎസ് ഉദ്യോഗസ്ഥനും പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ എ.ജി മൗര്യയാണ് ഹർജി സമർപ്പിച്ചത്. ഇക്കാര്യത്തില്‍ രണ്ടാഴ്‌ചക്കുള്ളിൽ മറുപടി നൽകണമെന്ന് ജസ്റ്റിസുമാരായ ആർ സുബ്ബയ്യ, കൃഷ്‌ണൻ രാമസ്വാമി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. തൂത്തുക്കുടിയിൽ പിതാവും മകനും പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉടലെടുത്തു. നിലവിലെ തമിഴ്‌നാട് പൊലീസ് (പരിഷ്‌കരണ) നിയമത്തിലെ വ്യവസ്ഥകൾ 'ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും' ആയി പ്രഖ്യാപിക്കാനും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഒരു സ്വതന്ത്ര പരാതി സമിതി ഉൾപ്പെടെ പൊലീസ് പരിഷ്‌കാരങ്ങൾക്ക് ഉചിതമായ നിയമനിർമാണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയ സുപ്രീം കോടതി വിധിയും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് നാമനിർദേശം ചെയ്‌ത സ്വതന്ത്ര പാനൽ അംഗങ്ങളും, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും സിവിൽ സൊസൈറ്റിയിൽ നിന്നുമുള്ള അംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങളും ഈ കമ്മിറ്റിയിൽ ഉൾപ്പെടുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിൽ സർക്കാർ പരാജയപ്പെട്ടു, ഒരു സ്വതന്ത്ര അംഗം ഇല്ലാതെ ഒരു സമിതി രൂപീകരിക്കുകയും പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംസ്ഥാന സർക്കാരിന്‍റെ വിവേചനാധികാരത്തിൽ നിയമിക്കാൻ കഴിയുന്നവരെ മാത്രം ഉൾപ്പെടുത്തുകയും ചെയ്‌തു. അതിനാൽ നിലവിലെ സമിതിയുടെ പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്നും ഹർജിയിൽ പറയുന്നു.