ന്യൂഡല്‍ഹി: നിലവില്‍ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ സംഘര്‍ഷാവസ്ഥയില്ലെന്ന് ഇന്ത്യന്‍ സൈന്യം. ഇരു വിഭാഗത്തിലെ സൈന്യങ്ങള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യത്തിന്‍റെ വിശദീകരണം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ആധികാരികതയില്ലെന്നും അതിര്‍ത്തി സംഘര്‍ഷവുമായി ഇതിനെ ബന്ധപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പാങോങ് സോ പ്രദേശത്ത് ഇരു സൈന്യവും നേരിട്ട് ഏറ്റുമുട്ടുന്നതും ചില ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ ഇത് നേരത്തെ നടന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണോ എന്നതില്‍ ഇതുവരെ കരസേന വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും സൈനിക വൃത്തങ്ങള്‍ നിര്‍ദേശിച്ചു.
അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഇരു ഭാഗങ്ങളിലേയും കരസേന മേധാവികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കിഴക്കൻ ലഡാക്കിലെ പാങോങ് സോ, ഗാൽവാൻ വാലി, ഡെംചോക്ക്, ദൗലത് ബേഗ് ഓൾഡി എന്നിവിടങ്ങളിൽ മൂന്നാഴ്‌ചയിലേറെയായി ഇന്ത്യ- ചൈനീസ് സൈനികർ തമ്മില്‍ സംഘർഷം നിലനില്‍ക്കുന്നുണ്ടായിരുന്നു.