ഹൈദരാബാദ്: കപ്പലിലെ കള്ളനെ ദൈവത്തിനു പോലും കണ്ടു പിടിക്കാനാകില്ല എന്ന പഴഞ്ചൊല്ല് താനെ പൊട്ടി മുളച്ച ഒന്നല്ല. മോഷണം എന്ന കലയില്‍ ഒരാള്‍ക്ക് എത്രത്തോളം നൈപുണ്യമുണ്ടെങ്കിലും ശരി, അയാൾ ചെയ്‌ത കുറ്റകൃത്യം തെളിയിക്കുന്നതിന് എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിക്കാന്‍ ഇടയുണ്ടെന്ന് പല പൊലീസ് അന്വേഷണങ്ങളും വെളിവാക്കിയിട്ടുള്ളതാണ്. പക്ഷെ അതേ കളവ് പൊലീസ് വകുപ്പിന് അകത്ത് തന്നെ നടന്നാല്‍ അപമാനം ഭയന്ന് അവരത് മൂടി വെക്കാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ വകുപ്പുമായി അതിന് ഒരു ബന്ധവുമില്ലെന്ന് വരച്ചു കാട്ടാന്‍ ശ്രമിക്കുകയോ ചെയ്യും. കള്ളന്മാരെ പിടികൂടുവാനുള്ള അധികാരമുള്ള പൊലീസ് സേനയ്ക്കകത്തു തന്നെ കള്ളന്മാര്‍ സ്വൈര്യ വിഹാരം നടത്തുമ്പോള്‍ ആർക്ക് എന്തു ചെയ്യാൻ കഴിയും? കള്ളന്‍ ഇങ്ങനെ കപ്പലില്‍ തന്നെ സുരക്ഷിതമായി കഴിയുന്നതു കൊണ്ടാണ് കളവ് മുതല്‍ വകുപ്പിനകത്ത് നിന്നു തന്നെ കളവ് പോകുന്ന സംഭവങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നത്.
ദേശീയ കുറ്റകൃത്യ അന്വേഷണ സംഘം എന്ന് അവകാശപ്പെടുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (സിബിഐ) നിലവിൽ അത്തരത്തിലൊരു കുംഭകോണത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. സ്വന്തം നിയന്ത്രണത്തിൽ ഉണ്ടായിരുന്ന 130 കിലോഗ്രാം സ്വര്‍ണവുമായി ബന്ധപ്പെട്ടാണ് ആ കുംഭകോണം. ഈ സ്വര്‍ണം സിബിഐയുടെ പക്കൽ നിന്നും നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് സംസ്ഥാന സിഐഡി പൊലീസ് ഒരു അന്വേഷണം നടത്തട്ടെയെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ തങ്ങളുടെ അഭിമാനം പോകുന്ന കാര്യമാണിതെന്ന് പറഞ്ഞ് സിബിഐ വലിയ കോലാഹലമാണ് ഉണ്ടാക്കിയത്.
എട്ട് വര്‍ഷം മുന്‍പ് സുരാന കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്‌ഡിനെ തുടര്‍ന്ന് സിബിഐ 400.47 കിലോഗ്രാം സ്വര്‍ണവും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. സുരാന കോര്‍പ്പറേഷന് ആവശ്യത്തില്‍ കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടി തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്‌ത മെറ്റല്‍ ആന്‍റ് മിനറൽസ് ട്രേഡിങ്ങ് കോര്‍പ്പറേഷനിലെ (എംഎംടിഎസ്) ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സിബിഐ ഈ റെയ്‌ഡ് നടത്തിയത്. സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന സ്ഥാപനമായ സുരാന കോര്‍പ്പറേഷന് നിയമ വിരുദ്ധമായ നേട്ടമാണ് ഈ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കി കൊടുത്തത് എന്നായിരുന്നു ആരോപണം.
അഴിമതി കേസില്‍ എംഎംടിസി അധികൃതരെ കുറ്റവിചാരണ ചെയ്‌ത് ശിക്ഷിക്കുന്നതിന് അവരിൽ നിന്ന് പിടിച്ചെടുത്ത സ്വര്‍ണത്തിന്‍റെ സാന്നിധ്യം ആവശ്യമില്ലെന്ന് വാദിച്ചു കൊണ്ട് വിദേശ വാണിജ്യ നയം ലംഘിച്ചതിന് സുരാന കോര്‍പ്പറേഷനെതിരെ 2013ല്‍ സിബിഐ ഒരു കേസ് ഫയല്‍ ചെയ്‌തു. അതിനെ തുടര്‍ന്ന് പിടിച്ചെടുത്ത സ്വര്‍ണം ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിലേക്ക് കൈമാറ്റം ചെയ്യുവാന്‍ സിബിഐ പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളൊന്നും ഉള്‍പ്പെടാത്തതിനാല്‍ കേസ് അടച്ചു പൂട്ടിയെന്നും അഴിമതി കേസിനെ കുറിച്ചുള്ള അന്വേഷണത്തിലൂടെ സ്വര്‍ണത്തിന്‍റെ ഉടമ ആരാണെന്ന് അറിയാന്‍ കഴിയുമെന്നും പറഞ്ഞു കൊണ്ടാണ് സിബിഐ ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ തങ്ങള്‍ ബാങ്കുകളില്‍ (എസ്ബിഐയില്‍ നിന്നടക്കം) നിന്നും വായ്‌പകള്‍ എടുത്തിട്ടില്ലെന്ന് പറഞ്ഞു കൊണ്ട് സുരാന കോര്‍പ്പറേഷന്‍ ഈ സ്വര്‍ണം തങ്ങള്‍ക്ക് തന്നെ കൈമാറണമെന്ന് ആവശ്യപ്പെടുകയും കമ്പനിക്കെതിരെ ബാങ്കുകള്‍ പാപ്പര്‍ നിയമവുമായി ബന്ധപ്പെട്ട നടപടികള്‍ എടുക്കാന്‍ ആരംഭിച്ചപ്പോൾ സ്വര്‍ണം ബാങ്കുകള്‍ക്ക് കൈമാറ്റം ചെയ്യുവാന്‍ പ്രത്യേക കോടതി ആവശ്യപ്പെടുകയും ചെയ്‌തപ്പോഴാണ് യഥാര്‍ഥത്തിലുള്ള പഴുത് ഉണ്ടായത് എവിടെയാണെന്ന് മനസിലാവുന്നത്.
അവിശ്വസനീയമായ കെട്ടുകഥ
സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തില്‍ അളവ് തൂക്കി നോക്കിയ ശേഷം തീരുമാനിച്ച മൊത്തം സ്വര്‍ണത്തിന്‍റെ അളവ് 400.47 കിലോഗ്രാം ആയിരുന്നു എന്ന് സിബിഐ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ഈ സ്വര്‍ണം സുരാന കോര്‍പ്പറേഷന്‍റെ ട്രഷറിയില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. മാത്രമല്ല 72 പൂട്ടുകളിട്ട് ഈ ട്രഷറികള്‍ സുരക്ഷിതമാക്കുകയും അതിന്‍റെ താക്കോലുകള്‍ എല്ലാം സിബിഐ പ്രത്യേക കോടതിക്ക് സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ എസ്ബിഐയ്ക്ക് സ്വര്‍ണം കൈമാറുന്ന വേളയില്‍ അതിലുണ്ടായിരുന്ന 103 കിലോഗ്രാം സ്വര്‍ണം അക്ഷരാര്‍ഥത്തില്‍ കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു. സിബിഐയുടെ ഈ യാതൊരു മടിയുമില്ലാതെയുള്ള കഥ കേട്ട് വിദഗ്‌ധരായ അക്കൗണ്ടന്‍റുമാര്‍ പോലും അത്ഭുതസ്‌തംബരായി മാറിയിരിക്കുകയാണ്. ഈ സ്വര്‍ണം അവിടെ നിക്ഷേപിച്ച സമയത്ത് മൊത്തത്തില്‍ അളവ് നോക്കിയതാണെന്നും പിന്നീട് എസ്ബിഐയ്ക്ക് സ്വര്‍ണ ബിസ്‌കറ്റുകള്‍ കൈമാറിയപ്പോള്‍ അവ പ്രത്യേകം തൂക്കി നോക്കുകയുണ്ടായി എന്നും അപ്പോഴാണ് കുറവ് മനസ്സിലായതെന്നും സിബിഐ പറയുന്നു. സിബിഐയുടെ ഇത്തരം കഥകള്‍ക്ക് മുന്നില്‍ സാങ്കല്‍പ്പിക കഥകള്‍ പോലും തോറ്റു പോകുന്നതാണ്.
യാഥാര്‍ഥ്യത്തിന്‍റെ പരീക്ഷണം
കുറവ് വന്ന സ്വര്‍ണം കൂടി കൈമാറണമെന്ന് സിബിഐയോട് ഉത്തരവിടണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു ഹർജിയുടെ വിചാരണ വേളയിലാണ് സിബിഐ ഇത്തരം പരിഹാസ്യമായ വാദങ്ങളുമായി മുന്നോട്ട് വന്നത്. ഈ കേസിന്‍റെ അന്വേഷണം പ്രാദേശിക പൊലീസ് നടത്താന്‍ പാടില്ലെന്നും, ഒന്നുകില്‍ തൊട്ടടുത്ത സംസ്ഥാനത്തെ പൊലീസ് അല്ലെങ്കില്‍ സിബിഐ, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) തന്നെയും അന്വേഷണം നടത്തണമെന്നും സിബിഐ വാദിച്ചു. പ്രാദേശിക പൊലീസ് ഒരു അന്വേഷണം നടത്തിയാല്‍ തങ്ങളുടെ അഭിമാനമാണ് നഷ്ടപ്പെടാന്‍ പോകുന്നത് എന്ന് സിബിഐ കോടതിയില്‍ വിലപിച്ചു. സിബിഐയുടെ വാദങ്ങളെ തള്ളി കളഞ്ഞു കൊണ്ട് ജഡ്ജിമാര്‍ കോടതിയില്‍ നടത്തിയ പരാമര്‍ശത്തില്‍ സിബിഐക്ക് ഇങ്ങനെ പ്രത്യേക അവകാശങ്ങളൊന്നും ഇല്ലെന്നും പൊലീസിനെ മൊത്തത്തില്‍ കണ്ടുകൊണ്ട് വിശ്വസിക്കുകയാണ് വേണ്ടതെന്നും പറയുന്നു. വളരെ നിര്‍ണായകമായ ഒരു പരാമര്‍ശമായിരുന്നു കോടതിയുടേത്.
പൊലീസ് അന്വേഷണം ആറ് മാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്നും പ്രസ്‌തുത അന്വേഷണത്തില്‍ കുറ്റക്കാര്‍ അല്ലെന്ന് തെളിഞ്ഞ് സംശുദ്ധരായി മാറിയാൽ സിബിഐയുടെ അഭിമാനം ഇരട്ടിക്കുകയേ ഉള്ളൂ എന്നും കോടതി നിരീക്ഷിച്ചു. മറിച്ചാണെങ്കില്‍ സിബിഐ ശിക്ഷ ഏറ്റുവാങ്ങുവാന്‍ തയ്യാറായി കൊള്ളണം എന്നും കോടതി പറഞ്ഞു. സമൂഹത്തില്‍ തങ്ങള്‍ക്കുള്ള അന്തസ്സും അഭിമാനവും പ്രതിച്ഛായയും കാത്തു സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം തങ്ങള്‍ ഉപേക്ഷിച്ചു എന്നുള്ള കാര്യം സിബിഐ മറന്നതായി വേണം കരുതുവാന്‍. തങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന 43 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം നഷ്ടപ്പെട്ടപ്പോള്‍ തന്നെ തങ്ങളുടെ പ്രശസ്തിക്ക് കനത്ത തിരിച്ചടി ഏറ്റു എന്ന് എന്തുകൊണ്ട് സിബിഐ തിരിച്ചറിയുന്നില്ല. മാത്രമല്ല, അനധികൃതമായി കൈമാറ്റം ചെയ്യപ്പെടുകയും കള്ളക്കടത്ത് നടത്തുകയും ഒക്കെ ചെയ്യുന്ന സ്വര്‍ണവും മയക്കുമരുന്നുകളും അടങ്ങുന്ന ഉല്‍പന്നങ്ങള്‍ സിബിഐ റെയ്‌ഡ് നടത്തി പിടിച്ചെടുത്തു കഴിഞ്ഞാല്‍ പിന്നീട് അതിന് എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ സന്ദേഹമാണ് ഇതൊക്കെ സൃഷ്ടിക്കുന്നത്.
2005നും 2015നും ഇടയില്‍ രാജ്യത്തുടനീളമായി 60 ലക്ഷം കിലോഗ്രാം മയക്കുമരുന്നുകള്‍ പിടിച്ചെടുക്കുകയും 16 ലക്ഷം കിലോഗ്രാം മയക്കുമരുന്നുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്‌തിട്ടുണ്ടെന്നാണ് കണക്ക്. രേഖകള്‍ പ്രകാരം വെളിപ്പെടുത്തിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബാക്കിയുള്ള വസ്‌തുക്കള്‍ക്കെല്ലാം എന്തു സംഭവിച്ചു എന്നതിനെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് സര്‍ക്കാര്‍ സ്രോതസുകള്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്. എട്ട് വര്‍ഷം മുന്‍പ് ചെന്നൈയിലെ ഫ്‌ളവര്‍ ബസാര്‍ പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 143 കിലോഗ്രാം മയക്കുമരുന്നുകള്‍ അപ്രത്യക്ഷമായ കേസില്‍ അതിന് ഉത്തരവാദികളായവര്‍ക്ക് എതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുവാന്‍ ഒരു പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. 2015ല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ഓഫീസുകളില്‍ നിന്നായി നൂറു കണക്കിന് കിലോഗ്രാം ഉല്‍പന്നങ്ങളാണ് നഷ്ടപ്പെട്ടത്. അപ്രത്യക്ഷമാകൽ എന്ന കലയിൽ ഈ വകുപ്പുകളിലെ അകത്തുള്ളവര്‍ക്കുള്ള നൈപുണ്യം വ്യക്തമാക്കുവാന്‍ ഇതില്‍പരം തെളിവുകള്‍ വേറെ എന്തുവേണം?
വിദേശത്ത് നിന്നും യാത്രക്കാര്‍ ഒളിച്ചു കടത്തുന്ന സ്വര്‍ണം പിടികൂടി സൂക്ഷിക്കുന്നതിനായി ഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് വകുപ്പിന് ഒരു സേഫ് ഡെപ്പോസിറ്റ് ചെസ്റ്റ് ഉണ്ട്. അതില്‍ നിന്നും നൂറുകണക്കിന് കിലോഗ്രാം സ്വര്‍ണം മോഷ്ടിക്കപ്പെട്ടതിനെ കുറിച്ച് സിബിഐ അന്വേഷിച്ചു വരുന്നുണ്ട്. ഇതിന്‍റെ വിശദാംശങ്ങളെകുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ കസ്റ്റംസ് വകുപ്പിന്‍റെ പ്രതികരണം അസാധാരണമായ രീതിയിലായിരുന്നു. എത്രത്തോളം സ്വര്‍ണം ഈ ചെസ്റ്റുകളില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് തങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയാല്‍ ഇങ്ങനെ സൂക്ഷിച്ച സ്വര്‍ണം തന്നെ സുരക്ഷിതമല്ലാതായി തീരും എന്നാണ് അവര്‍ പറഞ്ഞത്. ഒരു കുറ്റകൃത്യത്തിന്‍റെ ദൃഷ്ടാന്തം പരാമര്‍ശിച്ചാല്‍ അതിന്‍റെ അന്വേഷണം തന്നെ അപകടത്തിലാകുമത്രെ.
ഗുജറാത്തിലെ ജാം നഗര്‍ കസ്റ്റംസ് വകുപ്പിന് ഈ അടുത്ത കാലത്ത് തങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന 10 ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം നഷ്ടപ്പെടുകയുണ്ടായി. നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെയെല്ലാം നടത്തിപ്പ് അങ്ങേയറ്റം അഴിമതിയില്‍ കുളിച്ചു നില്‍ക്കുകയാണ് എന്നതാണ് വസ്‌തുത. പിടിച്ചെടുത്ത വസ്‌തുക്കളെല്ലാം ആരുടെ പക്കലാണെന്നും അവ എവിടേക്ക് പോകുന്നെന്നും ആര്‍ക്കും അറിയില്ല എന്ന തരത്തിലുള്ള തികഞ്ഞ ഹൃദയശൂന്യമായ സമീപനമാണ് ഇക്കൂട്ടർ വച്ചുപുലർത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്ത് 36 സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്‍റില്‍ പറഞ്ഞിട്ടുള്ളത്.
സിബിഐയുടെ ഇത്തരം സംശയാസ്പദവും നാണം കെട്ടതുമായ പ്രകടനങ്ങള്‍ വെച്ചു നോക്കുമ്പോള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലാത്ത കേസുകളില്‍ പോലും സിബിഐയുടെ മികച്ച പ്രകടനത്തെ വിശ്വസിക്കുവാന്‍ കൊള്ളാതായിരിക്കുന്നു എന്നു വേണം കരുതാന്‍. ഈ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഇത്രയും നാണംകെട്ട പ്രകടനങ്ങള്‍ രാജ്യത്തിന്‍റെ അഭിമാനത്തെയാണ് അപകടത്തിലാക്കിയിരിക്കുന്നത്.