റായ്‌പൂർ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണ ഘടന ഇന്ത്യന്‍ ഭരണ ഘടനയാണ്. ഡോ. ബി. ആര്‍. അംബേദ്‌കറാണ് അതിന്‍റെ ശില്‍പ്പിയെന്ന കാര്യത്തിലും തര്‍ക്കമില്ല.
എന്നാല്‍ ഭരണഘടന ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തയാളെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമുള്ളൂ.
ഛത്തീസ്‌ഗഡിലെ ഡോ. ഗാന്‍ഷ്യം ഗുപ്തയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഹിന്ദി പതിപ്പ് തയ്യാറാക്കിയത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് 1946ല്‍ നടന്ന ഭരണഘടനാ അസംബ്ലിയുടെ ആദ്യ യോഗത്തിലാണ് ഹിന്ദി പതിപ്പ് ഇറക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നത്. സാധാരണക്കാര്‍ക്ക് വായിച്ച് മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു അങ്ങനെയൊരു തീരുമാനം.
വിവർത്തന സമിതിയുടെ ആദ്യ യോഗം 1947 ലാണ് നടന്നത്. യോഗത്തിൽ ഗാൻഷ്യം ഗുപ്തയെ സമിതിയുടെ ചെയർമാനാക്കി. 41 അംഗ സമിതിയിൽ നിരവധി ഭാഷാ പണ്ഡിതന്മാരും നിയമ വിദഗ്ധരും ഉണ്ടായിരുന്നു. 1950 ജനുവരി 24നാണ് ഹിന്ദി പതിപ്പ് ഡോ.രാജേന്ദ്ര പ്രസാദിന് ഡോ. ഗുപ്ത കൈമാറിയത്.
1885 ഡിസംബർ 18 ന് ഛത്തീസ്‌ഗഡിലെ ദുർഗിലാണ് ഗാൻഷ്യം ഗുപ്ത ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ദുർഗിൽ നിന്നും റായ്പൂരിൽ നിന്നും പൂർത്തിയാക്കി. അലഹബാദിൽ നിന്നും ജബൽപൂരിൽ നിന്നും ഗുപ്ത ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. 15 വർഷത്തോളം സംസ്ഥാന നിയമസഭയുടെ സ്പീക്കറായിരുന്നു.
സ്വാതന്ത്ര്യലബ്ധിക്കുശേഷവും അദ്ദേഹം സ്ത്രീകളുടെ വിദ്യാഭ്യാസം, സാമൂഹ്യബോധം എന്നിവയ്ക്കായി പ്രവർത്തിക്കുകയും മതപരിവർത്തനത്തിന് എതിരെ ശബ്ദമുയർത്തുകയും ചെയ്തു.
ഗുപ്തയും മഹാത്മാഗാന്ധിയുമായുള്ള ബന്ധം
സ്വാതന്ത്ര്യസമരകാലത്ത് ഗാൻഷ്യം ഗുപ്തയും മഹാത്മാഗാന്ധിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. ഗാന്‍ഷ്യയുടെ ഭാഷാ പരിജ്ഞാനത്തില്‍ ഗാന്ധിജി പലപ്പോഴും അഭിനന്ദിക്കാറുണ്ടായിരുന്നു. ഛത്തീസ്‌ഗഡ് സന്ദര്‍ശന വേളയില്‍ ഗാന്ധിജി ഗുപ്തയുടെ വസതിയിലായിരുന്നു തങ്ങിയിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി നല്ല ബന്ധമായിരുന്നു ഗാന്‍ഷ്യക്ക്. 1976 ജൂൺ 13 ന് ഗാൻഷ്യം ഗുപ്ത മരണത്തിന് കീഴടങ്ങി.
ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തുക, ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യുക തുടങ്ങിയ നിർണായക പങ്ക് ഗാൻഷ്യം നിര്‍വഹിച്ചെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് അദ്ദേഹത്തിന്‍റെ സംഭാവന തിരിച്ചറിഞ്ഞത്.