മുംബൈ: ഗുണ്ടാസംഘം തലവൻ പ്രസാദ് പൂജാരിയുടെ അമ്മ ഇന്ദിര വിത്തൽ പൂജാരിയെ മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. മുംബൈയിലെ കെട്ടിട നിർമ്മാതാവിൽ നിന്ന് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതിനാണ് ഇന്ദിരയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മകൻ പ്രസാദ് പൂജാരിയുടെ നിർദേശപ്രകാരം ഇന്ദിര ഗുണ്ടാസംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതായി പൊലീസ് പറഞ്ഞു. ഇന്ദിരയ്ക്കൊപ്പം സുനിൽ അങ്കാനെ (56), സുകേഷ് കുമാർ (28) എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെട്ടിട നിർമാതാവിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച പ്രസാദ് പൂജാരിയെ മുംബൈ പൊലീസിന്‍റെ ആന്‍റി എക്സ്റ്റൻഷൻ സെൽ ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ വിക്രോളിയിൽ ശിവസേന നേതാവിനെതിരെ നടന്ന ആക്രമണത്തിലും ഇയാൾക്ക് പങ്കുണ്ട്.