ജയ്പൂര്‍: ആഢംബര വിവാഹം നടത്തി കൊവിഡ് വ്യാപനമുണ്ടാക്കിയ കുടുംബത്തിന് 6.2 ലക്ഷം രൂപ പിഴയിട്ടു. രാജസ്ഥാനിലെ ബില്‍വാര ജില്ലയിലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ 250 പേരെ ഉള്‍പ്പെടുത്തി വിവാഹ ചടങ്ങ് നടത്തിയത്.
ചടങ്ങില്‍ പങ്കെടുത്ത വരൻ റിസൂല്‍ അടക്കം 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. വരന്‍റെ അച്ഛന്‍ ഗീശു ലാല്‍ രാത്തിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെയാണ് സംസ്ഥാന ഭരണകൂടത്തിന്‍റെ ഇടപെടല്‍. ഇവരുടെ ബന്ധുക്കളും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
എന്നാല്‍ വധു അടക്കം 17 പേരുടെ പിരിശോധനാ ഫലം നെഗറ്റീവാണ്. ബന്ധുക്കള്‍ ഉള്‍പ്പെടെ 100 പേരെ ക്വാറന്‍റൈനിലാക്കിയിട്ടുണ്ട്. നിലവില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന ആളുകളുടെ ചികിത്സാ ചെലാവായ 6,26,600 രൂപ പിഴ അടയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
മൂന്ന് ദിവസത്തിനകം തുക ഈടാക്കാന്‍ ബില്‍വാര ജില്ലാ മജിസ്ട്രേറ്റ് രജേന്ദ്ര ഭട്ട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കേണ്ടത്. പകര്‍ച്ചവ്യാധി പടരല്‍ നിരോധന നിയമപ്രകാരമാണ് തീരുമാനം. വരന്‍റെ പിതാവ് ഗീശു ലാല്‍ അടക്കമുള്ളവർ സാമൂഹ്യ അകലം പാലിക്കുകയോ ചടങ്ങില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല.