കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുന്‍ പൊലീസ് കമ്മീഷണറായിരുന്ന രാജീവ് കുമാറിനെ ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവില്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അഡീഷണല്‍ സെക്രട്ടറിയായി സേവനമനുഷ്‌ഠിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വകുപ്പിന്‍റെ അധിക ചുമതലകള്‍ നിര്‍വഹിച്ചിരുന്ന ദേബശിഷ് സെന്നിനെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഹൗസിങ് ഡെവലമെന്‍റ് കോര്‍പ്പറേഷന്‍റെ മേധാവിയാണദ്ദേഹം.
ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ് കേസ് ആദ്യഘട്ടത്തില്‍ അന്വേഷിച്ചിരുന്നത് മുന്‍ പൊലീസ് കമ്മീഷണറായ രാജീവ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു. പിന്നീട് 2014ല്‍ കേസ് സി.ബി.ഐ ഏറ്റെടുത്തു. ശാരദാ ചിട്ടി കമ്പനി നിക്ഷേപകരില്‍ നിന്നും 2500 കോടിയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. കഴിഞ്ഞ ഫെബ്രുവരിയില്‍ കേസുമായി ബന്ധപ്പെട്ട് രാജീവ് കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്‌തിരുന്നു.