ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനും അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. അമേഠിയില്‍ ന്യായ് പദ്ധതിയുമായി ബന്ധപ്പെട്ട് അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിച്ച വിഷയത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
24 മണിക്കൂറിനകം രാഹുല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. പ്രാദേശിക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയോ സ്ഥലം ഉടമയുടേയോ അനുമതിയില്ലാതെ10 X 25 അടി വലിപ്പമുള്ള ഏഴ് ബോര്‍ഡുകളാണ് അമേഠിയില്‍ സ്ഥാപിച്ചിരുന്നത്. ഇത് ചട്ടലംഘനമാണെന്ന് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡാണ് കണ്ടെത്തിയത്.
രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളടങ്ങിയ ബോര്‍ഡുകളില്‍ 'ന്യായ് പദ്ധതി ഉടന്‍ സംഭവിക്കും' എന്ന് പറയുന്നുണ്ട്. രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പ് വരുത്തുന്ന ന്യായ് പദ്ധതിയാണ് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം.