മൂംബൈ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ നിന്നും നിരോധിത മയക്ക് മരുന്നായ മെഫഡ്രോൺ പിടിച്ചെടുത്തു. 20 കോടി രൂപ വിലവരുന്ന 20 കിലോ മയക്ക് മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പൂനെ ജില്ലാ ആസ്ഥാനത്ത് നിന്ന് 45 കിലോമീറ്റർ അകലെയുള്ള ചകൻ -ശിക്രാപൂർ റോഡിലെ ഷെൽ പിമ്പാൽഗാവ് ഗ്രാമത്തിനടുത്ത് നിന്നാണ് മയക്ക് മരുന്ന് പിടികൂടിയത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പിംപ്രി ചിഞ്ച്‌വാഡ് പൊലീസ് കമ്മിഷണർ പറഞ്ഞു.
ചേതൻ ദാൻഡ്‌വെറ്റ് (28), ആനന്ദ്‌ഗീർ ഗോസവി (25), അക്ഷയ് കാലെ (25), സഞ്ജീവ്കുമാർ റൗത്ത് (44), മുഹമ്മദ് തസ്ലിം (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമം, നാർക്കോട്ടിക് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപിക് ലഹരിവസ്തുക്കൾ (എൻഡിപിഎസ്) നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു.
സിന്തറ്റിക് ഉത്തേജകമാണ് പിടിച്ചെടുത്ത മെഫഡ്രോൺ, മിയാവ് മിയാവ്, എംഡി തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു.