ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് കനത്തതോടെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മൂടല്‍മഞ്ഞ് മൂലം കാഴ്ച പരിധി കുറഞ്ഞതാണ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചത്. പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയതിനെ തുടര്‍ന്ന് നിരവധി സർവീസുകള്‍ റദ്ദാക്കുകയും മാറ്റിവെക്കുകയും ചെയ്തു. 'മോശം കാലാവസ്ഥ വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. വിമാന സര്‍വീസുകളുടെ പുതുക്കിയ വിവരങ്ങള്‍ അറിയുന്നതിനായി വിമാനക്കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാരോട് അഭ്യർഥിക്കുന്നു,' ഡല്‍ഹി വിമാനത്താവളം പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, തുടര്‍ച്ചയായുള്ള മൂടല്‍മഞ്ഞ് ട്രെയിന്‍ ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്. കാഴ്ച പരിധി കുറഞ്ഞതിനാല്‍ 30 ട്രെയിനുകളാണ് വൈകി ഓടുന്നത്. എന്നാൽ സർവീസുകൾ റദ്ദാക്കിയിട്ടില്ല.
15 -ാം ദിവസമാണ് ഡൽഹിയിൽ കൊടും തണുപ്പ് തുടരുന്നത്. ഇന്നലെ രേഖപ്പെടുത്തിയ താഴ്ന്ന താപനില 2.5 ഡിഗ്രി സെൽഷ്യസായിരുന്നു. ഡൽഹിയിലെ വായു നിലവാര സൂചിക 450 കടന്നു കഴിഞ്ഞു. ഇത് ഏറെ അപകടകരമായ അവസ്ഥയാണ്. 22 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മോശം കാലാവസ്ഥ തുടരുന്നതിനാൽ ജനങ്ങളോട് പുറംപണികളിൽ ഏർപ്പെടുന്നത് ഒഴിവാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.