ന്യൂഡല്‍ഹി: ലോക്‌ഡൗണില്‍ ബുദ്ധിമുട്ടിലായ ആറ് ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കി ഡല്‍ഹി സര്‍ക്കാര്‍. ദിവസേന 3.5 മുതല്‍ നാലു ലക്ഷം പേര്‍ക്കായിരുന്നു സര്‍ക്കാര്‍ ഭക്ഷണം നല്‍കിയത്. നാളെ മുതല്‍ 10 മുതല്‍ 12 ലക്ഷം പേര്‍ക്ക് ഉച്ചഭക്ഷണവും അത്താഴവും നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ആളുകളുടെ എണ്ണം കൂടിവരുന്നതിനാല്‍ ഭക്ഷണ വിതരണത്തിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.
ഇന്നലെ മാത്രം 585386 പേര്‍ക്ക് ഉച്ചഭക്ഷണവും 579162 പേര്‍ക്ക് അത്താഴവും സര്‍ക്കാര്‍ നല്‍കി. 1423 കേന്ദ്രങ്ങള്‍ വഴിയാണ് ഭക്ഷണവിതരണം നടത്തിയത്. കൂടാതെ ഡല്‍ഹി സര്‍ക്കാര്‍ പെന്‍ഷനുകള്‍ ഇരട്ടിപ്പിച്ചിട്ടുണ്ട്. ഇതുവഴി 2.5 ലക്ഷം പേര്‍ക്ക് വിധവാ പെന്‍ഷനും 5ലക്ഷം പേര്‍ക്ക് വാര്‍ധക്യകാല പെന്‍ഷനും ഒരു ലക്ഷം പേര്‍ക്ക് വൈകല്യ പെന്‍ഷന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം 1.5 മടങ്ങ് അധികമായി നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. ഇന്ത്യയില്‍ ഇതുവരെ 2069 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.