ന്യൂഡൽഹി: കൊവിഡ് വാക്സിന്‍റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾക്കായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഡിസിജിഐ അനുമതി നൽകി. പഠന രൂപകൽപ്പന അനുസരിച്ച്, ആദ്യ ഡോസ് നൽകി നാല് ആഴ്ചകൾക്ക് ശേഷമാകും അടുത്ത ഡോസ് മരുന്നുകൾ നൽകുക. തുടർന്ന് സുരക്ഷയും രോഗപ്രതിരോധ ശേഷിയും മുൻകൂട്ടി നിശ്ചയിച്ച ഇടവേളകളിൽ വിലയിരുത്തുമെന്ന് അധികൃതർ പറഞ്ഞു.
ക്ലിനിക്കൽ ട്രയലിന്‍റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഫാർമ സ്ഥാപനം ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോർഡ് (ഡിഎസ്എംബി) വിലയിരുത്തിയ സുരക്ഷാ വിവരങ്ങൾ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് (സിഡിഎസ്കോ) സമർപ്പിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊവിഡ് വാക്സിൻ ഘട്ടം 2, 3 ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ അനുമതി നൽകുന്നതിനായി ഫാർമ ഡിസിജിഐക്ക് അപേക്ഷ നൽകിയതായി കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, അസ്ട്ര സെനെക്കയുമായി സാങ്കേതിക സഹകരണത്തോടെയാണ് കമ്പനി കൊവിഷീൽഡ് എന്ന വാക്സിൻ നിർമിച്ചത്. നിലവിൽ, ഓക്സ്ഫോർഡ് അധിഷ്ഠിത വാക്സിന്‍റെ ഘട്ടം 2, 3 ക്ലിനിക്കൽ പരീക്ഷണങ്ങൾ യുകെയിൽ നടക്കുന്നുണ്ട്.