ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ആന്ധ്രപ്രദേശ്, അസം, ഹരിയാന, ഹാമാചല്‍ പ്രദേശ്, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, ബംഗാള്‍ എന്നി സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍ പങ്കെടുത്തു.
കൊവിഡിനെ തുരത്താനുള്ള യജ്ഞത്തില്‍ രാജ്യം മുഴുവന്‍ ഒന്നിച്ചു നിന്നതായി അദ്ദേഹം പറഞ്ഞു. 10 മാസം നീണ്ട കൊവിഡ് യാത്രയില്‍ നിരവധി ഘട്ടങ്ങള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ എന്ന ധീരമായ തീരുമാനമെടുത്തു. പിന്നീട് ഫലപ്രദമായി അണ്‍ലോക്ക് പ്രക്രിയയും നടപ്പിലാക്കി. ലോകത്തിലെ മറ്റേതൊരു വികസിത രാജ്യങ്ങളെക്കാളും മികച്ച പ്രകടനമാണ് കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 92.56 ശതമാനത്തിലെത്തി. ഇപ്പോൾ സജീവമായ കേസുകളുടെ എണ്ണം കുറഞ്ഞു.
നിലവിൽ ഇന്ത്യയിൽ സജീവമായ അഞ്ച് ലക്ഷം കേസുകളിൽ നിരവധി പേർ രോഗമുക്തിയുടെ പാതയിലാണെന്നും ഹര്‍ഷ വർധൻ പറഞ്ഞു. പുതുവർഷം ആരംഭിച്ചാല്‍ ഉടന്‍ വാക്സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിനുശേഷം 20 മുതൽ 30 കോടി വരെ ആളുകൾക്കിടയിൽ വാക്സിൻ പ്രചരിപ്പിക്കാനുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ടെന്നും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നവര്‍ക്ക് പരിശീലനം നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,903 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,53,657 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 490 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മരണസംഖ്യ 1,26,611 ആയി ഉയർന്നു.