ന്യൂഡല്‍ഹി: കൊവിഡ് 19 ബാധയില്‍ രാജ്യത്തെ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു. ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69കാരി മരിച്ചത് കൊവിഡ് 19 ബാധ മൂലമെന്ന് സ്ഥിരീകരിച്ചു. ഇന്നലെ കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശിയും കൊവിഡ് 19 ബാധയില്‍ മരിച്ചിരുന്നു.
മരിച്ച സ്ത്രീയുടെ മകന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി മാസത്തില്‍ ഇയാൾ സ്വിറ്റ്‌സർലണ്ടിലും ഇറ്റലിയിലും സന്ദർശനം നടത്തിയിരുന്നു. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെയും കുടുംബത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരിച്ച 69 കാരിക്ക് പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് എട്ടിന് ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. തൊട്ടടുത്ത ദിവസം ഇവരുടെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ കൊറോണ സ്ഥിരീകരിച്ച ഇവർ ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്.