ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന് രക്ഷകനായി രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ. വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അശോക് മഹാജൻ എന്ന യാത്രക്കാരനാണ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടല്‍മൂലം ജീവൻ തിരിച്ചു കിട്ടിയത്. ഡല്‍ഹി വിമാനത്താവളത്തിലെ ടെർമിനല്‍ മൂന്നിലെ ബാഗേജ് കൗണ്ടറിനടുത്താണ് ഇയാൾ കുഴഞ്ഞ് വീണത്. സിഐഎസ്എഫ് കോൺസ്റ്റമ്പളുമാരായ മധുസുധനും മനോജ് കുമാറും ഉടൻ തന്നെ യാത്രക്കാരന് സിപിആർ നല്‍കി ബോധം വീണ്ടെടുക്കുകയായിരുന്നു.
ഏഴ് യാത്രാക്കാരോടൊപ്പം വിസ്‌താരാ എയർലൈൻസില്‍ ജയ്പൂരിലേക്ക് പോകാൻ എത്തിയതാണ് മഹാജൻ. തന്‍റെ ജീവൻ രക്ഷിച്ചതിന് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് മഹാജൻ നന്ദി പറഞ്ഞു. സിഐഎസ്‌എഫ് ഡയറക്ടർ ജനറൽ രാജേഷ് രഞ്ജൻ ഉദ്യോഗസ്ഥരുടെ പ്രവൃത്തിയെ അഭിനന്ദിക്കുകയും തക്കതായ പാരിതോഷികം ലഭിക്കുമെന്നും അറിയിച്ചു.