ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിൽ ക്രിസ്റ്റ്യൻ മിഷേലിന്‍റെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം തേടി സിബിഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ഏജൻസിക്ക് സാധിച്ചില്ലെന്നും തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മിഷേൽ ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ മാസമാണ് മിഷേൽ ഹൈക്കോടതിയെ സമീപിച്ചത്.
ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും കേസിൽ നിരവധി പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. സിബിഐയെയും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനെയും (ഇഡി) പ്രതിനിധീകരിച്ച് അഭിഭാഷകൻ ഡി.പി സിങാണ് കോടതിയിൽ ഹാജരായത്. നവംബർ 29ന് കേസിൽ കൂടുതൽ വാദം കേൾക്കും.
ഇടക്കാല കുറ്റപത്രത്തിൽ അഴിമതി തടയൽ നിയമപ്രകാരം തനിക്കെതിരെ ആരോപണങ്ങൾ ഇല്ലെന്നും സിബിഐയും ഇഡിയും ദീർഘകാലമായി കസ്റ്റഡിയിൽ വിചാരണ നടത്തിയിട്ടും അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ലെന്നുമായിരുന്നു മിഷേലിന്‍റെ വാദം. വിചാരണക്ക് മുൻപ് ദീർഘകാലമായി കസ്റ്റഡിയിൽ കഴിയുകയാണെന്നും മിഷേൽ ചൂണ്ടിക്കാട്ടി. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടതിൽ ഇടനിലക്കാരനായി പ്രവർത്തിച്ച് പണം കൈപറ്റിയെന്നാണ് കേസ്. അതേസമയം കരാറിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.