ഹൈദരാബാദ്: കൊവിഡ് പ്രതിരോധത്തിനായി നേസൽ ഡ്രോപ്പ് വികസിപ്പിക്കുന്നതിനുള്ള പരീക്ഷണം നടക്കുകയാണെന്ന് ഭാരത് ബയോടെക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല .ഹൈദരാബാദിൽ നടന്ന ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് ഡയലോഗ് ഓൺലൈൻ മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവാക്സിൻ പരീക്ഷണത്തെക്കുറിച്ചും ലഭ്യതയെക്കുറിച്ചും യോഗത്തിൽ അദ്ദേഹം സംസാരിച്ചു.
ഭാരത് ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡിന്‍റെ (ബിബിഎൽ) ബയോ സേഫ്റ്റി ലെവല്‍ 3 സംവിധാനത്തിന് നിലവിൽ പരിമിതമായ ശേഷി മാത്രമാണുള്ളത്. എന്നാൽ അടുത്ത വർഷത്തോടെ ഒരു ബില്യൺ ഡോസുകൾ തയ്യാറാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണ എല്ല പറഞ്ഞു. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായാൽ വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
1.3 ബില്യൺ ജനങ്ങൾക്ക് കുത്തിവയ്പ്പ് നൽകുക എന്നതാണ് വെല്ലുവിളി. 40,000 അജ്ഞാത വൈറസുകൾ നിലവിലുണ്ടെന്നും എല്ല ചൂണ്ടിക്കാട്ടി. 10,000 വൈറസുകൾക്ക് മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പ്രവേശിക്കാൻ കഴിയും. കൊവിഡ് ഒരു സാമ്പിൾ മാത്രമാണ്. സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനാൽ ഇതിന് കൂടുതൽ ശ്രദ്ധ ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കൊവിഡ് വാക്സിനായ കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്.