ഗാന്ധിനഗര്‍: മുൻ ബിജെപി എംഎൽഎ ജയന്തി ഭാനുശാലിയെ കൊലപ്പെടുത്തിയ കേസിൽ മുൻ നിയമസഭാംഗമായ ഛാബിൽ പട്ടേലിന് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ഒരു വര്‍ഷത്തിനുശേഷമാണ് ഛാബില്‍ പട്ടേലിന് ജാമ്യം ലഭിക്കുന്നത്. 10,000 രൂപ വ്യക്തിഗത ബോണ്ടും അതേ തുകയുടെ ജാമ്യവും നൽകി പട്ടേലിനെ ജാമ്യത്തിൽ വിടാൻ ജസ്റ്റിസ് വിപുൽ പഞ്ചോളി അധ്യക്ഷനായ കോടതി ഉത്തരവിട്ടു.
കേസിനെ സ്വാധീനിക്കുന്ന രീതിയിൽ പ്രവർത്തിക്കില്ലെന്നും പാസ്‌പോർട്ട് കീഴ്‌ക്കോടതിക്ക് സമർപ്പിക്കുമെന്നും മുൻകൂർ അനുമതിയില്ലാതെ ഇന്ത്യ വിടില്ലെന്നുമുള്ള വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഭാനുശാലിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ പ്രധാന പങ്കുവഹിച്ചതായി പട്ടേൽ സമ്മതിച്ചതായി കേസ് അന്വേഷിച്ച സിഐഡി-ക്രൈം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പട്ടേലിന്‍റെ മകന്‍ സിദ്ധാർത്ഥ്, രണ്ട് ഷൂട്ടർമാർ, കച്ച് ജില്ലയിലെ പട്ടേലിന്‍റെ ഫാം ഹൗസിലെ രണ്ട് കെയർടേക്കർമാർ എന്നിവരും കേസിൽ അറസ്റ്റിലായി.
മുൻ ബിജെപി എംഎൽഎയും ബിജെപിയുടെ ഗുജറാത്ത് യൂണിറ്റ് മുൻ വൈസ് പ്രസിഡന്‍റുമായ ഭാനുശാലി കഴിഞ്ഞ വർഷം ജനുവരി എട്ടിന് കച്ച് ജില്ലയിലെ സമാഖിയാലി സ്റ്റേഷന് സമീപം ട്രെയിനിൽ വച്ച് വെടിയേറ്റ് മരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.