ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിലെ അന്വേഷണം നഗരത്തിലെ മയക്കുമരുന്ന് വ്യാപാരികളിലെക്കും ഉപഭോക്താക്കളിലെക്കും വ്യാപിപ്പിച്ച് ബെംഗളൂരു പൊലീസ്. അന്വേഷണത്തിന്‍റെ ഭാഗമായി ബെംഗളൂരുവിലെ വെസ്റ്റ് ഡിവിഷൻ സംഘം നഗരത്തിൽ വിപുലമായ തെരച്ചിൽ നടത്തി. തെരച്ചിലിൽ 61 മയക്കുമരുന്ന് വ്യാപാരികളെ അറസ്റ്റ് ചെയ്യുകയും 42 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 51,555 ഗ്രാം കഞ്ചാവ്, 600 ഗ്രാം അഫ്യൂം, 90 ഗ്രാം ബ്രൗൺ ഷുഗർ തുടങ്ങിയവയാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. കൂടാതെ 70 മയക്കുമരുന്ന് ഗുളികകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 121 പേരെ ഇന്ത്യൻ ശിക്ഷാ നിയമം 121 പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. മെട്രോ സ്റ്റേഷൻ പാർക്കിങ് ഏരിയയ്ക്ക് സമീപം കഞ്ചാവ് വിറ്റിരുന്ന രണ്ട് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 1.280 കിലോഗ്രാം ബ്രൗൺ ഷുഗർ, 475 ഗ്രാം അഫ്യൂം, മയക്ക് മരുന്ന് ഗുളികകൾ, മൂന്ന് മൊബൈൽ ഫോണുകൾ, രണ്ട് ബൈക്കുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പനക്കാരെയും ഉപഭോക്താക്കളെയും അറസ്റ്റ് ചെയ്യുന്നതിനായി നഗരത്തിൽ വിപുലമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിസിപി സഞ്ജീവ് പാട്ടീൽ പറഞ്ഞു.