ന്യൂഡൽഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആരംഭിച്ച കര്‍ഷക പ്രതിഷേധത്തില്‍ വിപുലമായ ചർച്ചയും സംവാദവും നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്. കാർഷിക നിയമ സംബന്ധമായ എല്ലാ വിഷയങ്ങളും പ്രതിപക്ഷവുമായി ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്നും പാർലമെന്‍റ് സമ്മേളം സുഗമമായി നടത്തുന്നതിന് പ്രതിപക്ഷം സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായ, ആം ആദ്മി പാർട്ടി നേതാവ് ഭഗവന്ത് മാൻ, ശിവസേനയിൽ നിന്നുള്ള വിനായക് റൗട്ട്, ശിരോമണി അകാലിദളിലെ ബൽവീന്ദർ സിങ് ഭുന്ദർ എന്നിവർ കർഷകരുടെ പ്രക്ഷോഭത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയും സർക്കാരിന്‍റെ ഉറപ്പ് തേടുകയും ചെയ്തു. പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട എല്ലാ തർക്കവിഷയങ്ങളും ചർച്ച ചെയ്യണമെന്നും തങ്ങളെ ശത്രുക്കളായി കാണരുതെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
പ്രക്ഷോഭത്തെക്കുറിച്ച് കോൺഗ്രസ് ഇതിനകം സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും, ഇനിയുണ്ടാകുന്ന അനന്തരഫലങ്ങൾ നേരിടാൻ സര്‍ക്കാര്‍ തയാറാകണമെന്നും ഗുലാം നബി ആസാദ് യോഗത്തിൽ പറഞ്ഞു.
വിഷയത്തില്‍ സംസാരിക്കാൻ എല്ലാവർക്കും അവസരം ലഭിച്ചതില്‍ ആം ആദ്മി പാർട്ടി നേതാവ് ഭഗവന്ത് മാൻ സര്‍ക്കാരിനെ അഭിനന്ദിച്ചു. കർഷകരുടെ പ്രക്ഷോഭത്തിനിടെ പുറത്ത് നിന്നുള്ളവര്‍ കടന്നുവന്ന് കുഴപ്പങ്ങൾ സൃഷ്ടിച്ചു. യഥാര്‍ഥ കർഷകർ അതാത് സ്ഥലങ്ങളിലേക്ക് തിരിച്ചുപോയി. എന്നാല്‍ അവര്‍ക്കെതിരെയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ നിയമങ്ങള്‍ പാർലമെന്‍റിന്‍റെ ഇരുസഭകളിലും വീണ്ടും ചർച്ച ചെയ്യേണ്ടതുണ്ടെന്നും, പ്രക്ഷോഭം നടത്തുന്ന കർഷകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും മിക്ക പ്രതിപക്ഷ നേതാക്കളും അഭിപ്രായപ്പെട്ടു. അതേസമയം ജെഡിയു നേതാവ് ആർസിപി സിങ് കര്‍ഷക നിയമങ്ങളെ അനുകൂലിച്ച് സംസാരിച്ചു.