ന്യൂഡൽഹി: ജെഎൻയു ആക്രമണത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. ഞായറാഴ്ച നടന്ന അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിനോട് ജെഎൻയുവിൽ നിന്നുള്ള പ്രതിനിധികളെ കാണാനും ചർച്ച നടത്താനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചു. മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറി (എംഎച്ച്ആർഡി) ജെഎൻയു രജിസ്ട്രാർ, റെക്ടർ എന്നിവരെ ഓഫീസിലേക്ക് വിളിപ്പിച്ചു. രജിസ്ട്രാറിനോടും റെക്ടറിനോടും റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
അതേസമയം, അക്രമവുമായി ബന്ധപ്പെട്ട് വസന്ത് കുഞ്ച് നോർത്ത് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഘടിത ആക്രമണം, കലാപം എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പെ 24 ജെഎൻയു വിദ്യാർഥികളെയും ഡിസ്ചാർജ് ചെയ്തു.
ആയുധങ്ങളുമായി മുഖംമൂടി ധരിച്ച സംഘം ഇന്നലെ രാത്രിയാണ് ആക്രമണം ജെഎൻയുവിലെ നാല് ഹോസ്റ്റലുകളിൽ ആക്രമണം നടത്തിയത്. ഒന്നര മണിക്കൂർ നീണ്ട ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണം ഉണ്ട്. രാത്രി പൊലീസ് സാന്നിധ്യം ഉണ്ടായിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. ക്യാമ്പസിൽ ഇന്ന് രാവിലെ മുതൽ സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.