ന്യൂഡൽഹി: തിഹാർ ജയിലിൽ കൊവിഡ് 19 ബാധിച്ചേക്കാമെന്ന കാരണത്താൽ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കുംഭകോണവുമായി ബന്ധപ്പെട്ട് ജയിലിലായ പ്രതി മൈക്കല്‍ ജയിംസ് സമര്‍പ്പിച്ച അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി.
വീഡിയോ കോൺഫറൻസിലൂടെയാണ് കേസിന്‍റെ ഹിയറിംഗ് നടത്തിയത്. ജയിലിലെ തിക്കും തിരക്കും ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വാദത്തില്‍ ആശങ്കയില്ലെന്നും അടിസ്ഥാന രഹിതമാണെന്നും കോടതി പറഞ്ഞു. സിബിഐയും ഇടക്കാല ജാമ്യാപേക്ഷയെ എതിര്‍ത്തു.
59 കാരനായ മിഷേൽ തന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും നിലവിലെ ജയിലിലെ അവസ്ഥയുമായി പൊരുത്തപ്പെടുന്നില്ലെന്നും വാദിച്ചു. 2018 ഡിസംബർ 22 നാണ് ഇയാളെ ഇ.ഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരി 5 ന് ൽ ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കുകയും ചെയ്തിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ പ്രതി ചേര്‍ക്കപ്പെട്ട മൂന്ന് ഇടനിലക്കാരില്‍ ഒരാളാണ് മിഷേല്‍. ഗൈഡോ ഹാഷ്‌കെ, കാർലോ ജെറോസ എന്നിവരാണ് മറ്റ് രണ്ട് പേർ .