കന്യാകുമാരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമായി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ ദേശീയപതാക കൈമാറിയതോടെയാണ് യാത്രയ്‌ക്ക് തുടക്കമായത്. ദേശീയപതാക കൈമാറിയത് സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പാർട്ടി അവകാശപ്പെട്ടു.
ഔപചാരികമായ ചടങ്ങില്‍ നിരവധി നേതാക്കളാണ് യാത്രയ്‌ക്ക് ആശംസയുമായി എത്തിയത്. പാർട്ടിയുടെ മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ് ഇത്തരമൊരു യാത്രയ്‌ക്ക് തുടക്കമിട്ടതിന് രാഹുല്‍ ഗാന്ധിയ്‌ക്ക് നന്ദി അറിയിച്ചു. ബ്രിട്ടീഷുകാരെ പിന്തുണച്ചവരാണ് ഇപ്പോൾ രാജ്യത്ത് വിഷം പരത്തുന്നതെന്ന് ഭൂപേഷ് ബാഗേൽ പറഞ്ഞു.
139 കോടി ജനങ്ങള്‍ ഒരു ലക്ഷ്യത്തിനായി ഒന്നിക്കുമ്പോള്‍ ആ ലക്ഷ്യം സാധ്യമാകുന്നതുവരെ പാര്‍ട്ടിയെ തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്നും ഇതൊരു വലിയ പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.