ബെംഗളൂരു: ബിജെപിക്കും സംഘപരിവാറിനുമെതിരെ ആരോപണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. കര്‍ണാടകയില്‍ കൽബർഗിയിലെ മുഗൾ ഗാർഡനിൽ എ.ഐ.എം.ഐ.എം കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള ഉദ്ദേശമാണ് ഗോഡ്‌സെയ്‌ക്ക് ഉണ്ടായിരുന്നതെന്നും ഇപ്പോൾ ഗോഡ്‌സെയുടെ പിൻഗാമികൾ ആ ഉദ്ദേശം നിറവേറ്റാൻ ശ്രമിക്കുകയാണെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. രാമന്‍റെ പേരിൽ സമൂഹത്തിൽ വിദ്വേഷം പടർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദു-മുസ്ലീം സമുദായങ്ങൾ തമ്മിൽ വിള്ളലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വശത്ത് ഗാന്ധിജിയെയും മറുവശത്ത്, ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയെയും ആരാധിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയായിരുന്നു നാഥുറാം ഗോഡ്‌സെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിൽ സവർക്കറാണെന്നും ഗാന്ധി വധത്തെക്കുറിച്ച് കോൺഗ്രസ് സർക്കാർ ശരിയായ അന്വേഷണം നടത്തിയിരുന്നെങ്കിൽ സംഘ പരിവാർ നേതാക്കൾ ജയിലിലാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.