മധുര: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ എറണാകുളം സ്വദേശി റബേക്ക ജോസഫിന് മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിന്‍റെ വിമർശനം. ആനയെ അങ്ങോട്ടോ ഇങ്ങോട്ടോ വിടണമെന്ന് ഉത്തരവിടാൻ കഴിയില്ലെന്നും ചില കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അധികാരികളെന്നും പറഞ്ഞ കോടതി ഹർജി പ്രശസ്‌തിക്ക് വേണ്ടി മാത്രമാണെന്നും വിമർശിച്ചു. കൂടാതെ ഹർജി ഫോറസ്റ്റ് ബഞ്ചിന് കൈമാറാനും കെ സുബ്രഹ്‌മണ്യൻ, വിക്‌ടോറിയ ഗൗരി എന്നിവരുടെ ബഞ്ച് ഉത്തരവിട്ടു.
അരിക്കൊമ്പനെ അജ്ഞാതമായ സ്ഥലത്ത് തുറന്ന് വിടുന്നതിന് പകരം അതിന് പരിചിതമായ മതികെട്ടാൻചോല ദേശീയോദ്യാനത്തിന്‍റെ അതിർത്തിയിലുള്ള തമിഴ്‌നാട് വനങ്ങളിലേക്ക് തുറന്ന് വിടണമെന്നായിരുന്നു റെബേക്ക ജോസഫ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന റെബേക്കയുടെ ആവശ്യം തള്ളിയ കോടതി, ഹർജി പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് വിമർശിക്കുകയും ചെയ്‌തു.
പിന്നാലെയാണ് കേസ് ഫോറസ്റ്റ് ബഞ്ചിന് കൈമാറാൻ കോടതി തീരുമാനിച്ചത്. പശ്ചിമഘട്ടവും മറ്റ് വനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിനാൽ ജസ്റ്റിസ് എന്‍ സതീഷ് കുമാര്‍, ജസ്റ്റിസ് ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ഫോറസ്റ്റ് ബെഞ്ച് കേസുകൾ കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് പറഞ്ഞ കോടതി, ഹർജി ഫോറസ്റ്റ് ബഞ്ചിന് വിടുകയായിരുന്നു.
അരിക്കൊമ്പനെ തുറന്നുവിട്ടു : അരിക്കൊമ്പനെ തമിഴ്‌നാട് - കേരള അതിർത്തി ജില്ലയായ കന്യാകുമാരിയിലെ അപ്പര്‍ കൊടയാർ വനത്തിൽ തുറന്നുവിട്ടു. തുമ്പിക്കൈക്ക് പരിക്കേറ്റ ആനയ്‌ക്ക് ചികിത്സ നൽകിയതിന് ശേഷമാണ് വന മേഖലയിലേക്ക് തുറന്നുവിട്ടത്. കഴിഞ്ഞ ദിവസം റെബേക്ക ജോസഫിന്‍റെ ഹർജിയുടെ അടിസ്ഥാനത്തിൽ അരിക്കൊമ്പനെ തുറന്നുവിടുന്നത് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തടഞ്ഞിരുന്നു.
എന്നാൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കാത്ത വിധം കൊമ്പനെ മാറ്റാമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചതോടെ ആനയെ തുറന്ന് വിടാൻ കോടതി അനുവാദം നൽകുകയായിരുന്നു. അതേസമയം അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും ആനയ്‌ക്ക് നിലവിൽ മറ്റ് ശാരീരക പ്രയാസങ്ങളില്ലെന്നുമാണ് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്.
അപ്പര്‍ കൊടയാർ വനത്തിലെ പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പന് വേഗത്തില്‍ പൊരുത്തപ്പെടാനാകുമെന്നും ധാരാളം വെള്ളവും തീറ്റയും ലഭിക്കുന്ന വനമേഖലയായത് കൊണ്ട് തന്നെ ജനവാസ മേഖലകളിലേക്ക് ആന തിരികെയെത്താനുള്ള സാധ്യത വിരളമാണെന്നുമാണ് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
ALSO READ : അരിക്കൊമ്പന് ആശ്വാസം, വനത്തില്‍ തുറന്ന് വിട്ടു; ആരോഗ്യ നില തൃപ്‌തികരമെന്ന് തമിഴ്‌നാട് വനം വകുപ്പ്
തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലേക്കിറങ്ങിയതിന് പിന്നാലെ തിങ്കളാഴ്‌ച (05.06.23) പുലര്‍ച്ചെ തേനി ജില്ലയിലെ പൂശാനം പെട്ടിക്ക് സമീപത്ത് വച്ചാണ് അരിക്കൊമ്പനെ മയക്ക് വെടിവച്ച് പിടികൂടിയത്. ശേഷം തുമ്പിക്കൈക്കേറ്റ മുറിവിൽ ചികിത്സ നൽകിയ ശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ അനിമൽ ആംബുലൻസിൽ അരിക്കൊമ്പനെ കയറ്റുകയായിരുന്നു.
തേനിയില്‍ നിന്ന് മധുര, തിരുനെൽവേലി ജില്ലകളിലൂടെ 300 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്പനെ മേലെ കൊടയാർ വനത്തിലെത്തിച്ചത്. ഉള്‍ക്കാടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും.