ജമ്മു : രണ്ടാഴ്‌ച മുമ്പുണ്ടായ ഡ്രോണാക്രമണത്തില്‍ അന്വേഷണം തുടരുന്നതിനിടെ ജമ്മു വ്യോമസേന താവളത്തിന് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. കഴിഞ്ഞ തവണ സ്‌ഫോടനമുണ്ടായ അതേ സ്ഥലത്താണ് ഇത്തവണയും ഡ്രോണ്‍ സാന്നിധ്യം. വെള്ളിയാഴ്‌ച രാത്രിയോടെയാണ് ഡ്രോണ്‍ കണ്ടത്. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല.
ജൂണ്‍ 27 ന് നടന്ന ആക്രമണം
ജൂണ്‍ 27 ഞായറാഴ്‌ച ജമ്മുവിലെ വ്യോമസേന താവളത്തിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വിമാനങ്ങൾ പാർക്ക് ചെയ്‌തിരുന്ന സ്ഥലമാണ് ഡ്രോണുകൾ ലക്ഷ്യമിട്ടിരുന്നതായി കരുതുന്നത്.
സംഭവത്തിൽ വലിയ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.എന്നിരുന്നാലും രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ആറ് മിനുട്ടിനിടെ രണ്ട് സ്‌ഫോടനങ്ങളാണുണ്ടായത്. ഒന്ന് കെട്ടിടത്തിന്‍റെ മേൽക്കൂരയ്ക്ക് ചെറിയ നാശനഷ്‌ടമുണ്ടാക്കി. മറ്റൊന്ന് തുറസായ സ്ഥലത്ത് പൊട്ടിത്തെറിക്കുകയായിരുന്നു.
ഡ്രോണുകള്‍ നിരോധനം
ഡ്രോൺ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ ശ്രീനഗറിൽ ഡ്രോൺ ഉപയോഗിക്കുന്നത് കോടതി നിർദേശപ്രകാരം ജമ്മു കശ്മീർ ഭരണകൂടം നിരോധിച്ചിരുന്നു.
ഡ്രോൺ ക്യാമറകൾ / സമാനമായ ആളില്ലാ ഏരിയൽ വാഹനങ്ങൾ കൈവശമുള്ളവർ സമീപത്തെ പൊലീസ് സ്റ്റേഷനിൽ ഏല്‍പ്പിക്കണമെന്നും പൊലീസ് ഇത് സംബന്ധിച്ച രേഖകള്‍ ഉടമസ്ഥർക്ക് നല്‍കണമെന്നും കോടതി നിർദേശിച്ചിരുന്നു.
കാർഷിക, പരിസ്ഥിതി സംരക്ഷണം, ദുരന്ത ലഘൂകരണ മേഖലകളിലെ മാപ്പിങ്, സർവേ, നിരീക്ഷണം എന്നിവയ്ക്കായി ഡ്രോൺ ഉപയോഗിക്കുന്ന സർക്കാർ വകുപ്പുകൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് മുമ്പ് പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.