ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമ്മ മക്കൾ മുന്നേറ്റ കഴകം(എ.എം.എം.കെ) പ്രകടന പത്രിക പുറത്തിറക്കി. ഒരു കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്നതാണ് പ്രധാന വാഗ്‌ദാനം. കൂടാതെ പ്രായമായവരുടെ അലവൻസ് 2,000 രൂപയായി ഉയർത്തുമെന്നും അഞ്ച് പേരടങ്ങുന്ന എഞ്ചിനീയറിംഗ് ബിരുദധാരികളുടെ ഒരു ഗ്രൂപ്പിന് ബിസിനസ് ചെയ്യാൻ 25 ലക്ഷം രൂപ വായ്‌പ നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
ജെല്ലിക്കെട്ടിനെ തമിഴ് സാംസ്‌കാരിക ഉത്‌സവമായി പ്രഖ്യാപിക്കുമെന്നും മാധ്യമ പ്രവർത്തകർക്കായി മീഡിയ വെൽഫെയർ ബോർഡ് രൂപീകരിക്കുമെന്നും പറയുന്നുണ്ട്. അതോടൊപ്പം വിവാഹത്തിനായി എട്ട് ഗ്രാം സ്വർണവും നൽകും. മുസ്ലീം വിഭാഗത്തിന് അധിക സംവരണം നൽകും, പാതയോരത്ത് ജോലിക്കായി വനിതാ പൊലീസ് ഓഫീസർമാരെ അനുവദിക്കില്ല. എല്ലാ ലെവൽ സിവിൽ ജീവനക്കാരുടെയും വിരമിക്കേണ്ട പ്രായപരിധി വർധിപ്പിക്കും എന്നിങ്ങനെ പോകുന്നു പാർട്ടിയുടെ പ്രകടന പത്രിക.
അതേസമയം സഖ്യ കക്ഷികളായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ), അസദുദ്ദീൻ ഒവൈസി നയിക്കുന്ന എ.ഐ.എം.ഐ.എം എന്നീ പാർട്ടികൾക്ക് ആറും മൂന്നും സീറ്റുകൾ വീതമാണ് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.എം.എം.കെ നേതാവ് ടി.ടി.വി ദിനകരനുമായുള്ള സംയുക്ത റാലിയിൽ പങ്കെടുക്കുന്നതിനായി അസദുദ്ദീൻ ഒവൈസി ചെന്നൈയിൽ എത്തിയിട്ടുണ്ട്.