ബെംഗളൂരു : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ബിജെപി റാലിയില്‍ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചെന്നാരോപിച്ച് 6 പേർക്കെതിരെ എഫ്‌ഐആർ. റാലി നടന്ന് 5 മാസങ്ങള്‍ക്ക് ശേഷമാണ് ബെലഗാവി പൊലീസ് സംഘാടകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടും എന്തുകൊണ്ട് കേസെടുത്തില്ലെന്ന ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ബെലഗാവി സിറ്റി പൊലീസ് കമ്മീഷണര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
റാലിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തിട്ടും എന്തുകൊണ്ട് 6 പേര്‍ക്കെതിരെ മാത്രം കേസെടുത്തുവെന്ന് കോടതി ആരാഞ്ഞു. മാസ്ക് ധരിക്കാതിരുന്ന എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അന്വേഷണത്തിന് ശേഷം നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശിച്ച് ബഞ്ച് വാദം കേൾക്കുന്നത് മാറ്റിവച്ചു.
ALSO READ: 'ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം' ; സംസ്ഥാനങ്ങളോട് കേന്ദ്രം
ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ജനുവരി 17ന് അമിത് ഷാ പങ്കെടുത്ത റാലിയിലാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായത്. മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് ബിജെപി പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്.