ഇംഫാൽ: മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ കേന്ദ്ര മന്ത്രി അമിത് ഷാ സംഘര്‍ഷ മേഖലയായ മോറെയും കാങ്പോക്‌പിയും ഇന്ന് സന്ദര്‍ശിച്ചു. മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളായ മോറെയും കാങ്പോക്‌പിയും മയക്കുമരുന്ന് വേട്ട നടക്കുന്ന പ്രദേശങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. മോറെയിലെ വിവിധ പ്രാദേശിക വിഭാഗങ്ങളുടെ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം കാങ്പോക്‌പിയിലെ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായും കേന്ദ്ര മന്ത്രി ഇന്ന് കൂടിക്കാഴ്‌ച നടത്തും.
'പോപ്പി ബെല്‍റ്റി'ല്‍ സന്ദര്‍ശനം: അതിന് ശേഷം, ഇംഫാലില്‍ അദ്ദേഹം സുരക്ഷ അവലോകന യോഗത്തില്‍ പങ്കുചേരും. മണിപ്പൂരിലെ നിലവിലെ സംഘര്‍ഷാവസ്ഥ ഏറ്റവുമധികം ബാധിച്ച പ്രദേശമായിരുന്നു മ്യാന്‍മാറുമായി അതിര്‍ത്തി പങ്കിടുന്ന ഈ നഗരങ്ങള്‍. ഇവയെ 'പോപ്പി ബെല്‍റ്റ്' എന്നാണ് പ്രധാനമായും അറിയപ്പെടുക.
മ്യാന്‍മാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരി സംഘങ്ങളിലെ തലവന്‍മാരുമായി ഇടപാടുകള്‍ ഉണ്ടെന്ന് ആരോപിച്ച് ഈ രണ്ട് നഗരങ്ങളിലെയും ഭൂരിഭാഗം ജനങ്ങളെ സുരക്ഷ സേന അറസ്‌റ്റ് ചെയ്‌തിരുന്നു. കൂടാതെ, മ്യാന്‍മാറില്‍ നിന്ന് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് കള്ളക്കടത്ത് നടത്താന്‍ സൗകര്യമൊരുക്കിയതിനും ഇവര്‍ക്കെതിരെ സുരക്ഷ ഏജന്‍സികള്‍ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലിലെത്തിയ അമിത് ഷാ, കുക്കി, മീതെയ് തുടങ്ങിയ ഗോത്രവിഭാഗങ്ങളിലെ നേതാക്കളുമായും ഉയര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥരുമായും മണിപ്പൂര്‍ മന്ത്രിസഭാംഗങ്ങളുമായും കൂടിക്കാഴ്‌ച നടത്തി. ഇന്ന് വൈകുന്നേരം എല്ലാ പാര്‍ട്ടികളുമായും യോഗം ചേരുന്നത് വഴി ഈ ദിവസത്തില്‍ അദ്ദേഹം പങ്കെടുക്കുന്ന ഒൻപതാമത്തെ യോഗമാകും. സംഘര്‍ഷം പ്രതികൂലമായി ബാധിച്ച സംസ്ഥാനത്തെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലെ സുരക്ഷ വിലയിരുത്തുന്നതിനാണ് അദ്ദേഹം യോഗം ചേരുന്നത്.
സമാധാനം സ്ഥാപിക്കുവാനുള്ള കേന്ദ്ര മന്ത്രി അമിത് ഷായുടെ ശ്രമത്തിനിടയിലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. സുഘ്‌നു കാക്‌ച്ചിങ് തുടങ്ങിയ ജില്ലകളില്‍ സുരക്ഷ സേനയും കലാപകാരികളും ഒരു രാത്രി മുഴുവനും ഏറ്റുമുട്ടി. ഒരു രാത്രി മുഴുവനും ഇരു കൂട്ടരും വെടിയുതിര്‍ത്തു.
സമാധാനം പുനഃസ്ഥാപിക്കാന്‍ മന്ത്രി: ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, ഐബി ഡയറക്‌ടര്‍ തപാന്‍ കുമാര്‍ ഡെക്ക എന്നിവരോടൊപ്പമാണ് അദ്ദേഹം മണിപ്പൂരിലെത്തിയത്. മണിപ്പൂരിലെ മന്ത്രിസഭയുമായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനത്ത് എത്രയും വേഗം സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായി അഞ്ച് തീരുമാനങ്ങള്‍ കൈകൊണ്ടു. മണിപ്പൂരിലെ സംഘര്‍ഷത്തില്‍ 100ല്‍ പരം ആളുകള്‍ക്കാണ് ജീവന്‍ നഷ്‌ടമായത്.
ഭീകരരെന്ന് പറഞ്ഞ് നാല്‍പതോളം കുക്കി ഗോത്രവര്‍ഗക്കാരെ വെടിവെച്ചു കൊന്നതോടെ മണിപ്പൂരില്‍ സ്ഥിതി വഷളായിരിക്കുകയാണ്. തലസ്ഥാനമായ ഇംഫാലില്‍ ഉള്‍പെടെ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളും സംഘര്‍ഷത്തിന് കാരണമാകുന്നുവെന്നാണ് സുരക്ഷ സേനയുടെ വിലയിരുത്തല്‍.
ഇംഫാല്‍ ഈസ്‌റ്റ് ജില്ലയില്‍ നിന്ന് പിടിയിലായ മൂന്നംഗ സംഘത്തില്‍ നിന്ന് ചൈനീസ് നിര്‍മിത ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്.