ശ്രീനഗർ : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച കശ്‌മീരിലെത്തും. 2019 ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ ശേഷം ഷാ ആദ്യമായാണ് ജമ്മുകശ്‌മീര്‍ സന്ദര്‍ശിക്കുന്നത്. സുരക്ഷാസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ശ്രീനഗറില്‍ നടക്കുന്ന അവലോകന യോഗങ്ങളിൽ പങ്കെടുക്കും.
തെക്കന്‍ കശ്‌മീരിലെ കുല്‍ഗാം ജില്ലയില്‍ അഞ്ച് കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെ ഒന്‍പത് പേരെ ഭീകരര്‍ കൊലപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. സര്‍ക്കാര്‍ സംവിധാനങ്ങളിലെ വിവിധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ശ്രീനഗർ വിമാനത്താവളത്തില്‍ ഷാർജ - ശ്രീനഗർ ഫ്ലൈറ്റ് സർവീസിന്‍റെ ഉദ്‌ഘാടനവും ഹന്ദ്വാരയിലെ രണ്ട് മെഡിക്കൽ കോളജുകളുടെ ശിലാസ്ഥാപനവും നിർവഹിക്കുന്നുമുണ്ട്.
ഒക്ടോബർ 24 ന് ഷാ ജമ്മുവിലെത്തും. അവിടെ ഔദ്യോഗിക യോഗങ്ങൾക്കുപുറമെ ത്രികൂട നഗറിൽ ബി.ജെ.പിയുടെ മെഗാറാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. ഒക്ടോബർ 25 ന് കൂടുതൽ യോഗങ്ങളിലും മറ്റ് പരിപാടികളിലും ഷാ പങ്കെടുത്തേക്കുമെന്നും വിവരമുണ്ട്.