ന്യൂഡൽഹി: അടുത്തിടെ സമാപിച്ച 5ജി സ്‌പെക്‌ട്രം ലേലത്തിൽ സ്വന്തമാക്കിയ സ്‌പെക്‌ട്രത്തിന്‍റെ കുടിശ്ശികയായി 8,312.4 കോടി രൂപ മുൻകൂറായി അടച്ച് ഭാരതി എയർടെൽ. സ്വന്തമാക്കിയ സ്‌പെക്‌ട്രത്തിന്‍റെ വില 20 വര്‍ഷത്തെ തവണകളായി നല്‍കാനുള്ള അനുമതി ടെലികോം വകുപ്പ് കമ്പനികള്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ നാല് വര്‍ഷത്തെ തുകയാണ് എയര്‍ടെല്‍ മുന്‍കൂറായി നൽകിയത്.
കഴിഞ്ഞ വർഷവും സ്‌പെക്‌ട്രം ബാധ്യതകളിൽ നിന്ന് 24,333.7 കോടി രൂപ മുൻകൂറായി എയർടെൽ അടച്ചിരുന്നു. അതേസമയം സ്‌പെക്‌ട്രം കുടിശ്ശിക വേഗത്തിൽ അവസാനിപ്പിച്ച് സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്ന് ഭാരതി എയർടെല്ലിന്‍റെ എംഡിയും സിഇഒയുമായ ഗോപാൽ വിറ്റൽ പറഞ്ഞു.
5ജി സ്‌പെക്‌ട്രം ലേലത്തിൽ ഭാരതി എയർടെൽ വിവിധ ബാൻഡുകളിലായി 43,084 കോടി രൂപ വിലമതിക്കുന്ന 19,867 മെഗാഹെർട്‌സ് സ്‌പെക്‌ട്രമാണ് സ്വന്തമാക്കിയത്. ഇതിൽ 3.5 GHz, 26 GHz എന്നിവയും ചില ലോ, മിഡ് ബാൻഡുകളും ഉൾപ്പെടുന്നു. ഈ മാസം വാണിജ്യാടിസ്ഥാനത്തിൽ 5ജി സേവനങ്ങൾ അവതരിപ്പിക്കാനാണ് എയർടെൽ ലക്ഷ്യമിടുന്നത്.
ഓഗസ്റ്റ് 1ന് അവസാനിച്ച ലേലത്തില്‍ 88,078 കോടി രൂപ ചിലവിട്ട് റിലയന്‍സ് ജിയോയാണ് ഏറ്റവും അധികം സ്‌പെക്‌ട്രം സ്വന്തമാക്കിയത്. വോഡഫോണ്‍ ഐഡിയയുടെ വിഐ 18,799 രൂപയ്‌ക്കും സ്‌പെക്‌ട്രം വാങ്ങി. ഏഴ് ദിവസം നീണ്ടു നിന്ന ലേലത്തില്‍ 51,236 മെഗാഹെര്‍ട്‌സ് സ്‌പെക്‌ട്രത്തില്‍ നിന്ന് 1,50,173 കോടി രൂപയാണ് സര്‍ക്കാര്‍ സ്വരൂപിച്ചത്. 72,098 മെഗാഹെര്‍ട്‌സ് സ്‌പെക്‌ട്രമാണ് ആകെ ലേലത്തിന് വച്ചത്.