ബെംഗളൂരു : കര്‍ണാടക ഉഡുപ്പിയില്‍ നായക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യം പുറത്ത്. കടപ്പാടി ശിർവ ബണ്ടക്കലിലെ മാധവ വാദിരാജ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്‍റ് കോളജിന്‍റെ ഹോസ്‌റ്റല്‍ പരിസരത്താണ് ഈ ക്രൂരത അരങ്ങേറിയത്.
കോളജിലെ ഹോസ്‌റ്റല്‍ വാര്‍ഡന്‍മാരായ രാജേഷും നാഗരാജുമാണ് ഈ നിഷ്‌ഠൂര കൃത്യം നടത്തിയത്. ദൃശ്യം പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് അക്രമികള്‍ക്ക് നേരെ ഉയരുന്നത്. നായയെ ഒരു ചാക്കിലാക്കിയ ശേഷം വടികൊണ്ട് നാഗരാജും രാജേഷും ചേര്‍ന്ന് അടിച്ചാണ് അതിനെ കൊലപ്പെടുത്തുന്നത്.
ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മഞ്ജുള കര്‍ക്കേര എന്ന മൃഗസ്‌നേഹി ഷിര്‍വ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 428, 429 വകുപ്പുകളും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ത്താണ് നടപടി.
മനുഷ്യത്വ രഹിതമായ ക്രൂരകൃത്യം നടത്തിയ പ്രതികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പാക്കണമെന്ന് മാധവ്‌രാജ് ആനിമല്‍ കെയര്‍ ട്രസ്‌റ്റ് അധ്യക്ഷ ബബിത മാധവ്‌രാജ് ആവശ്യപ്പെട്ടു.