നാഗ്‌പൂര്‍ : കുറ്റകൃത്യങ്ങള്‍ പതിവാകുകയാണ് നാഗ്‌പൂരില്‍. അതും നിഷ്ഠൂരമായ കൊലപാതകങ്ങള്‍. ജൂണ്‍ മാസം മാത്രം 18 പേരാണ് ജില്ലയില്‍ കൊല്ലപ്പെട്ടത്. ഒമ്പത് കേസുകളിലായി 14 പേര്‍ മരിച്ചത് നാഗ്‌പൂർ നഗരത്തിലാണ്. നാഗ്‌പൂർ റൂറലില്‍ നാല് കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്‌തു.
കുറ്റകൃത്യങ്ങള്‍ പെരുകിയതോടെ ശക്തിപ്പെട്ട പൊലീസ് അന്വേഷണം ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളിലേക്കാണ് എത്തിയത്. ടിവിയിലും ഇന്‍റനെറ്റിലുമായി വരുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരിപാടി മേഖലയിലെ കൊലപാതക കേസുകളുടെ എണ്ണം വർധിക്കാൻ കാരണമായെന്നാണ് പൊലീസ് വിലയിരുത്തല്‍.
ഒപ്പം കുടുംബ കലഹങ്ങളും കൊലപാതകത്തില്‍ അവസാനിച്ചിട്ടുണ്ട്. മേഖലയിലെ ഗുണ്ടകളെ പ്രതിരോധിക്കാൻ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
15കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കുട്ടികളും ഇവിടെ കൊല്ലപ്പെടുന്നുണ്ടെന്നത് ഞെട്ടിക്കുന്ന വസ്‌തുതയാണ്. എംഐഡിസി പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന 15 കാരനായ രാജ് പാണ്ഡയെ ജൂൺ 12നാണ് തട്ടിക്കൊണ്ടുപോയത്. പരിചയക്കാരനായ സൂരജ് രംഭുജ് ഷാഹു എന്നയാളാണ് രാജിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
also read: വിഴിഞ്ഞത്ത് വളര്‍ത്ത് നായയെ ചൂണ്ടയില്‍ കെട്ടി തല്ലിക്കൊന്നു
മരിച്ചയാളുടെ അമ്മാവനുമായുള്ള പഴയ തർക്കത്തിനുള്ള പ്രതികാരമാണ് കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തല്‍. വധം ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ഇയാള്‍ ഇന്‍റർനെറ്റിൽ നിരവധി ക്രൈം ഷോകൾ കണ്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഒരു കുടുംബത്തിലെ 5 പേരുടെ കൊലപാതകം
ജൂൺ 22ന് തഹസിൽ പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന അലോക് മാതുർക്കർ എന്നയാള്‍ സ്വന്തം കുടുംബത്തില്‍ അഞ്ച് പേരെയാണ് കൊലപ്പെടുത്തിയത്. ഭാര്യ, മകൾ, മകൻ, സഹോദരി, അമ്മായിയമ്മ എന്നിവരാണ് അലോകിന്‍റെ ക്രൂരകൃത്യത്തിന് ഇരയായത്.
also read: ഫോണ്‍ ഉപയോഗത്തെ ചൊല്ലി വഴക്ക് ; 17കാരിയെ സഹോദരന്‍ വെട്ടിക്കൊന്നു
ബന്ധുവായ മറ്റൊരു സ്‌ത്രീയുമായുള്ള അലോകിന്‍റെ ബന്ധത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കൃത്യത്തിന് ശേഷം അലോക് ആത്മഹത്യ ചെയ്തു.
ഇയാളും കൊലപാതകത്തിന് മുമ്പുള്ള ഏതാനും ദിവസങ്ങളായി ടിവിയിലും ഇന്‍റനെറ്റിലും ക്രൈം ഷോകള്‍ തുടർച്ചയായി കണ്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ പരിപാടികളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് അനുമാനിക്കുന്നു.
ആറ് പേരെ തോക്കിൻ മുനയില്‍ നിർത്തി ബന്ദികളാക്കി
കൊലപാതകം മാത്രമല്ല. ഗുരുതരമായ മറ്റ് കുറ്റകൃത്യങ്ങളും നാഗ്‌പൂരില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്തു. അതിലൊന്നാണ് ജൂണ്‍ അഞ്ചിന് ഹുഡ്കേശ്വർ പൊലീസ് സ്റ്റേഷന് പരിധിയിലെ പിപ്ല ഫാറ്റയില്‍ നടന്ന സംഭവം. കെട്ടിട നിർമ്മാതാവായ രാജു വൈദ്യയുടെ കുടുംബത്തിലെ ആറ് പേരെയാണ് ഒരാള്‍ തടവിലാക്കിയത്.
also read: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം: തലശ്ശേരിയിലെ വ്യവസായ പ്രമുഖൻ അറസ്റ്റിൽ
തോക്കുചൂണ്ടിയാണ് പ്രതി ഇവരെ തടഞ്ഞുവച്ചത്. സംഭവത്തില്‍ കൃത്യമായി ഇടപെട്ട പൊലീസ് എല്ലാവരെയും രക്ഷിച്ചിരുന്നു. വളരെ സൂക്ഷ്മമായി കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പ്രതി ഈ സാഹസം നടത്തിയത്. ഇതിന് പിന്നിലും ക്രൈം പരിപാടികള്‍ കണ്ടുള്ള പ്രേരണയാണെന്നാണ് പൊലീസ് ഭാഷ്യം.
വൈറലായ കൊലപാതക വീഡിയോ
യോഗേഷ് ധോങ്കഡ എന്ന 30കാരന്‍റെ കൊലപാതകവും ഈ കൂട്ടത്തിലുള്ളതാണ്. ജൂൺ 23ന് കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ശിവാജി നഗറിലാണ് സംഭവം. അവിഹിത ബന്ധം ആരോപിച്ച് മൂന്ന് പേര്‍ ചേര്‍ന്നാണ് ധോങ്കഡയെ കൊലപ്പെടുത്തിയത്. സംഭവത്തിന് തൊട്ടുപിന്നാലെ കൊലപാതകത്തിന്‍റെ വീഡിയോയും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ 17 കൊലപാതകങ്ങൾ
കഴിഞ്ഞ വർഷവും സമാന രീതിയില്‍ നാഗ്‌പൂരില്‍ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 2020 ജൂണില്‍ 17 കൊലപാതകങ്ങളാണ് നാഗ്‌പൂർ ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. ഇതില്‍ 14ഉം സംഭവിച്ചത് നാഗ്‌പൂർ നഗരത്തിലായിരുന്നു.