കേരളം

kerala

ETV Bharat / travel-and-food

നിങ്ങള്‍ കാത്തിരുന്ന ആ വിഭവം ഇതാ; റസ്റ്റോറന്‍റ് സ്റ്റൈല്‍ ഗോബി മഞ്ചൂരിയന്‍, വീട്ടിലുണ്ടാക്കാം സിമ്പിളായി

റസ്റ്റോറന്‍റിലെ അതേ രുചിയില്‍ ഗോബി മഞ്ചൂരിയന്‍ തയ്യാറാക്കാം. ഇന്തോ-ചൈനീസ് വെജ് സൈഡ് ഡിഷായ മഞ്ചൂരിയന്‍റെ റെസിപ്പിയിതാ...

RESTAURANT GOBI MANCHURIAN RECIPE  GOBI MANCHURIAN  ഗോബി മഞ്ചൂരിയന്‍  റസ്റ്റോറന്‍റ് ഗോബി മഞ്ചൂരിയന്‍
Gobi Manchurian Recipe (ETV Bharat)

By ETV Bharat Kerala Team

Published : Nov 26, 2024, 2:15 PM IST

വെറൈറ്റി വിഭവങ്ങളെല്ലാം എപ്പോഴും കഴിക്കാനും ഉണ്ടാക്കി പരീക്ഷിക്കാനും ഇഷ്‌ടപ്പെടുന്നവരാണ് മലയാളികള്‍. അത്തരത്തില്‍ ചൈനയില്‍ നിന്നും കുടിയേറി ഭക്ഷണപ്രിയരുടെ ഇഷ്‌ട പട്ടികയില്‍ ഇടംപിടിച്ച ഒരു വിഭവമാണ് 'ഗോബി മഞ്ചൂരിയന്‍'. വെറൈറ്റി പേര് പോലെ ഇതിന്‍റെ ടേസ്റ്റും അപാരമാണ്. റസ്റ്റോറന്‍റുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമെല്ലാം ഇത് കഴിച്ചിട്ടുള്ളവര്‍ക്ക് അതേ രുചിയില്‍ ഇത് വീട്ടില്‍ തന്നെയുണ്ടാക്കാം. കോളിഫ്ലവര്‍ പ്രധാന ചേരുവയായി വരുന്ന ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. റസ്റ്റോറന്‍റുകളില്‍ താരമായ ഗോബി മഞ്ചൂരിയന്‍റെ റെസിപ്പിയിതാ...

ആവശ്യമുള്ള ചേരുവകള്‍:

  • കോളിഫ്ലവര്‍
  • മൈദ
  • കോണ്‍ഫ്ലോര്‍
  • ഇഞ്ചി (ചെറുതായി അരിഞ്ഞത്)
  • വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് (ചെറുതായി അരിഞ്ഞത്)
  • കാപ്‌സിക്കം
  • സ്‌പ്രിങ് ഓനിയന്‍ (ചെറുതായി അരിഞ്ഞത്)
  • തക്കാളി സോസ്
  • ചില്ലി സോസ്
  • സോയ സോസ്
  • സണ്‍ഫ്ലവര്‍ ഓയില്‍
  • ഉപ്പ്
  • കുരുമുളക് പൊടി
  • കശ്‌മീരി മുളക് പൊടി/ റെഡ് ഫുഡ് കളര്‍

തയ്യാറാക്കേണ്ട വിധം: കോളിഫ്ലവര്‍ ചെറിയ ഇതളുകളാക്കി മുറിച്ചെടുക്കുക. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നല്ല ചൂടുവെള്ളത്തില്‍ അല്‍പ നേരം ഇട്ട് വയ്‌ക്കണം. കോളിഫ്ലവറിന് അകത്ത് പുഴുക്കള്‍ വല്ലതുമണ്ടെങ്കില്‍ പുറത്ത് വരാനാണ് ഇങ്ങനെ ചെയ്യുന്നത്. വെള്ളത്തില്‍ നിന്നും കോരിയെടുത്ത് കോളിഫ്ലവര്‍ വെള്ളം ചോരാനായി ഒരു പാത്രത്തിലേക്ക് മാറ്റുക.

വെള്ളം നന്നായി ചോര്‍ന്ന് പോയതിന് ശേഷം കോളിഫ്ലവറിലേക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളക്, കോണ്‍ഫ്ലോര്‍, മൈദ, അല്‍പം കശ്‌മീരി മുളക് പൊടി (നിറത്തിന് വേണ്ടി മാത്രം. അല്ലെങ്കില്‍ റെഡ് ഫുഡ് കളര്‍ ചേര്‍ക്കാം) എന്നിവ ചേര്‍ത്ത് ഇളക്കുക. മൈദയും കോണ്‍ഫ്ലോറും കോളിഫ്ലവറിനെ പൊതിഞ്ഞ് നില്‍ക്കണം. എന്നിട്ട് ഒരു പാന്‍ അടുപ്പില്‍ വച്ച് അതിലേക്ക് സണ്‍ഫ്ലവര്‍ ഓയില്‍ ഒഴിച്ച് ചൂടാക്കുക. ശേഷം അതിലേക്ക് കോളിഫ്ലവര്‍ ഇട്ട് വറുത്തെടുക്കുക.

മുഴുവന്‍ കോളിഫ്ലവറും വറുത്തെടുത്തതിന് ശേഷം മഞ്ചൂരിയാന്‍ തയ്യാറാക്കാന്‍ ആരംഭിക്കാം. (മഞ്ചൂരിയന്‍ തയ്യാറാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ചൈനീസ് വിഭവങ്ങളെല്ലാം ഹൈ ഫ്ലൈമിലാണ് തയ്യാറാക്കേണ്ടത്). ഇതിനായി ഒരു പാന്‍ അടുപ്പില്‍ വച്ച് അതിലേക്ക് സണ്‍ഫ്ലവര്‍ ഓയില്‍ ഒഴിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ക്കുക. തുടര്‍ന്ന് അതിലേക്ക് സ്‌പ്രിങ് ഓനിയന്‍റെ വെളുത്ത ഭാഗം മാത്രം ചെറുതായി അരിഞ്ഞത് ചേര്‍ത്തിളക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി എന്നിവയും ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. ശേഷം അതിലേക്ക് അരിഞ്ഞ് വച്ചിട്ടുള്ള ഒരു കാപ്‌സിക്കം ചേര്‍ക്കുക.

വെറും ഒരു മിനിറ്റ് നേരം ഇളക്കിയതിന് ശേഷം തക്കാളി സോസ്, സോയ സോസ്, ചില്ലി സോസ് എന്നിവ അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്‌ത് ഒഴിക്കാം. മഞ്ചൂരിയാന്‍ എത്രത്തോളം ലൂസായി വേണം എന്നത് നോക്കിയിട്ട് വേണം വെള്ളം ചേര്‍ക്കാന്‍. ഇത് തിളച്ച് വരുമ്പോള്‍ അതിലേക്ക് ഒരു സ്‌പൂണ്‍ കോണ്‍ഫ്ലോര്‍ വെള്ളത്തില്‍ കലക്കിയത് ഒഴിക്കാം. അല്‍പം ഒഴിച്ച് കൈവിടാതെ ഇളക്കിയതിന് ശേഷം ബാക്കി ഒഴിച്ചാല്‍ മതി. തുടര്‍ന്ന് ഇത് ചെറുതായി തിളച്ച് വരുമ്പോള്‍ ഒന്ന് കുറുകി വരും.

അതിലേക്ക് വറുത്ത് വച്ച കോളിഫ്ലവര്‍ ചേര്‍ത്ത് ഇളക്കാം. ശേഷം ചെറുതായി അരിഞ്ഞ് വച്ചിട്ടുള്ള സ്‌പ്രിങ് ഓനിയനും അല്‍പം ചേര്‍ക്കാം. ഇതെല്ലാം ചേര്‍ത്ത് അധിക നേരം വേവിക്കേണ്ടതില്ല. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം അല്‍പം സ്‌പ്രിങ് ഓനിയന്‍ കൂടിയിട്ട് ഇളക്കി വാങ്ങിവയ്‌ക്കാം. ഇതോടെ സൂപ്പര്‍ റസ്റ്റോറന്‍റ് സ്റ്റൈല്‍ ഗോബി മഞ്ചൂരിയാന്‍ റെഡി. നെയ്‌ച്ചോര്‍, ചപ്പാത്തി, ഫ്രൈഡ് റൈസ് എന്നിവയ്‌ക്കൊപ്പം നല്ല കോമ്പിനേഷനാണ് ഗോബി മഞ്ചൂരിയന്‍.

Also Read
  1. പാത്രം കാലിയാകാന്‍ ഇത് മാത്രം മതി; ഉണക്കമീന്‍ ചതച്ചത്, സിമ്പിള്‍ ടേസ്റ്റി റെസിപ്പിയിതാ...
  2. ഉപ്പും മുളകും ചേര്‍ന്നൊരു കിടുക്കാച്ചി ഐറ്റം; പൈനാപ്പിള്‍ ഫ്രൈ, തയ്യാറാക്കാന്‍ മിനിറ്റുകള്‍ മതി
  3. ചുവന്നുള്ളിയും തേങ്ങാക്കൊത്തും; മലപ്പുറത്തിന്‍റെ വെറൈറ്റി ഉള്ളി ചിക്കന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായ റെസിപ്പി
  4. തട്ടുകട രുചിയുടെ ആരുമറിയാത്ത രഹസ്യം; എഗ്ഗ് ഗ്രീന്‍പീസ് മസാല; കിടിലന്‍ റെസിപ്പിയിതാ...
  5. ഒരു പറ അരിയുടെ ചോറുണ്ണും ഈ ചമ്മന്തിയുണ്ടെങ്കില്‍; കിടുക്കാച്ചി റെസിപ്പിയിതാ...

ABOUT THE AUTHOR

...view details