തിരുവനന്തപുരം : ഉമ്മൻചാണ്ടി സർക്കാരിനെ പിടിച്ചു കുലുക്കിയ ബാർ കോഴ പിണറായി സർക്കാരിന് നേരെയും മറ്റൊരു രൂപത്തിൽ ഉയരുമ്പോൾ ഒന്നാം ബാർ കോഴയും ചർച്ചയാവുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത രാഷ്ട്രീയ ഗതി വ്യത്യാസങ്ങൾക്ക് വഴിവച്ച ബാർ കോഴ കേസിൽ അന്നത്തെ ധനമന്ത്രി കെഎം മാണിക്കും എക്സൈസ് മന്ത്രി കെ ബാബുവിനും ഒടുവിൽ രാജിവെക്കേണ്ടി വന്നിരുന്നു.
ബാർ മുതലാളിമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ ഇടുക്കി ജില്ല ഭാരവാഹി അനു മോന്‍റെ ശബ്‌ദ സന്ദേശമാണ് ആകെ പുക മറ തീർത്തു കൊണ്ട് എൽഡിഎഫ് സർക്കാരിനെ ഇപ്പോൾ തുറിച്ചു നോക്കുന്നത്.
വിഷയം സർക്കാരിനെതിരെ പ്രതിപക്ഷം അഴിമതി ആരോപണമായി ഉന്നയിക്കുമ്പോഴും മദ്യനയം പ്രാരംഭ ചർച്ചകളിൽ മാത്രമാണെന്ന് പറഞ്ഞ് എക്സൈസ് മന്ത്രി എംബി രാജേഷ് തടിയൂരുന്നു. ഈ പശ്ചാത്തലത്തിൽ ഉമ്മൻചാണ്ടി സർക്കാരിനെ ആകെ കുഴക്കിയ ബാർ കോഴ വിവാദത്തിന്‍റെ നാൾ വഴികൾ എങ്ങനെയെന്ന് പരിശോധിക്കാം.
- സർക്കാരിന്‍റെ പുതിയ മദ്യ നയത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ബാറുകൾ സമ്പൂർണമായി അടച്ചു.
- 2014 ഒക്ടോബർ 31- അടച്ച ബാറുകൾ തുറക്കാൻ ധനമന്ത്രി കെഎം മാണിക്ക് 10 കോടി രൂപ നൽകിയെന്ന് ബിജു രമേശ് വെളിപ്പെടുത്തുന്നു.
- 2014 നവംബർ 1- സംഭവത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ അന്വേഷണം ആവശ്യപ്പെടുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപണത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നു.
- 2014 നവംബര്‍ 4- വിഎസിന്‍റെ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തള്ളുന്നു. കേസിൽ വിജിലൻസ് ക്വിക്ക് വെരിഫിക്കേഷൻ തുടങ്ങുന്നു.
- 2014 നവംബർ 5- കൊച്ചിയിൽ ചേരുന്ന ബാർ ഉടമകളുടെ യോഗത്തിൽ നാല് വർഷത്തിനിടെ പല നേതാക്കൾക്കും 20 കോടി രൂപ നൽകിയതായി ഒളിക്യാമറയിലൂടെ പുറത്തു വരുന്നു.
- 2014 നവംബർ 7- അടച്ച ബാറുകൾ തുറക്കാൻ ഒരു കോടി രൂപ ആവശ്യപ്പെട്ടു എന്നും ഒരു കോടി രൂപ മുൻകൂറായി നൽകിയെന്നും ബിജു രമേശ് വിജിലൻസിന് മൊഴി നൽകുന്നു. തൊട്ടടുത്ത ദിവസം (2014 നവംബർ 8) അന്വേഷണം ആട്ടിമറിക്കാൻ ശ്രമമെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെടുന്നു.
- 2014 നവംബർ 10- കോഴ കേസിന്‍റെ അന്വേഷണ പുരോഗതി അറിയിക്കാൻ ഹൈക്കോടതി നിർദേശം.
- 2014 നവംബർ 11- 10 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ധനമന്ത്രി കെഎം മാണി ബിജു രമേശിന് വക്കീൽ നോട്ടീസ് നൽകുന്നു.
- 2014 നവംബർ 22- ബാർ കോഴ കേസിൽ കെഎം മാണിക്ക് യുഡിഎഫ് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.
- 2014 നവംബർ 25- ബാറുടമകളിൽ നിന്നും പണം കൈപറ്റിയിട്ടില്ലെന്ന് കെഎം മാണി വിജിലൻസിന് മൊഴി നൽകുന്നു.
- 2014 ഡിസംബർ 1- കോഴ വിവാദത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ സഭ സ്‌തംഭിപ്പിച്ചുള്ള പ്രതിഷേധം. ശിവന്‍കുട്ടിയെ സഭ കാലയളവ് മുഴുവൻ സസ്‌പെൻഡ് ചെയ്‌തു. നാല് എംഎൽഎ മാർക്ക് താക്കീത്.
- 2014 ഡിസംബർ 10- കെഎം മാണിക്കെതിരെ വിജിലൻസ് കേസെടുത്തു. അന്വേഷണം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന് കൈമാറി.
- 2014 ഡിസംബർ 16- കാണാൻ പോയത് പണം നൽകാനല്ലെന്നും സഹായത്തിനാണെന്നും ബാർ ഉടമകൾ വിജിലൻസിന് മൊഴി നൽകി.
- 2014 ഡിസംബർ 18- കെഎം മാണിയെ കൂടാതെ നാല് ഉന്നതർക്ക് കൂടി പണം നൽകിയെന്ന് ബിജു രമേശ് വിജിലൻസിന് മൊഴി നൽകി.
- 2015 ജനുവരി 30- ആദായ നികുതി വകുപ്പ് അന്വേഷണം നടത്തി. ബിജു രമേശിന്‍റെ മൊഴി രേഖപ്പെടുത്തി.
- 2015 മാർച്ച് 30- ബിജു രമേശിന്‍റെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി. വിഎസ് ശിവകുമാറിനെതിരെ തെളിവുണ്ടെന്നും മന്ത്രി കെ ബാബുവിന് 10 കോടി രൂപ നൽകിയെന്നും ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ.
- 2015 ഏപ്രിൽ 22- എൽഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് വളയൽ സമരം. ബിജു രമേശിന്‍റെ 30 പേജ് രഹസ്യ മൊഴി പുറത്ത്.
- 2015 മെയ് 8- കെഎം മാണിയെ ചോദ്യം ചെയ്‌തു.
- 2015 മെയ് 12- മാണിയുടെ ടൂർ ഡയറി പരിശോധിച്ചു.
- 2015 ജൂൺ 6- കെഎം മാണിക്കെതിരെ കേസ് നിലനിൽക്കില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു.
- 2015 ജൂൺ 12- കേസെടുക്കാൻ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി എഡിജിപി ഷെയ്ഖ് ധർവേഷ് സാഹിബ് വിജിലൻസ് ഡയറക്‌ടർക്ക് റിപ്പോർട്ട് നൽകി. വിജിലൻസ് ഡയറക്‌ടർ വിദഗ്‌ധ നിയമോപദേശത്തിന് തീരുമാനിച്ചു.
- 2015 ജൂൺ 27- വിജിലൻസ് ഡയറക്‌ടർ വസ്‌തുത വിവര റിപ്പോർട്ട് എസ്‌പിക്ക് കൈമാറുന്നു.
- 2015 ജൂലൈ 7- എസ്‌പി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നു. ഹർജിയിൽ 9 പേർ എതിർത്തും ഒരാൾ അനുകൂലിച്ചും 10 പേർ കോടതിയിൽ കക്ഷി ചേരുന്നു.
- 2015 ഒക്ടോബർ 29- കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
- 2015 നവംബർ 10- കെഎം മാണി മന്ത്രിസ്ഥാനം രാജിവച്ചു.
- 2015 നവംബർ 11- രണ്ട് തവണയായി ഒരു കോടി രൂപ കെ ബാബുവിന് നൽകിയെന്ന് ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ.
- 2015 ഡിസംബർ 29- സർക്കാർ മദ്യ നയത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. ബാറുടമകളുടെ ഹർജി തള്ളി. സംസ്ഥാനത്ത് 5 സ്റ്റാർ ബാറുകൾക്ക് മാത്രം അനുമതി നൽകി കോടതി തീരുമാനം.
- 2016 ജനുവരി 13- കെ എം മാണിക്കെതിരെ തുടരന്വേഷണത്തിൽ തെളിവുകൾ ലഭിച്ചില്ലെന്ന് വിജിലൻസ്.
Also Read :'എക്സൈസ് മന്ത്രി രാജിവെക്കേണ്ട കാര്യമില്ല'; മദ്യ നയത്തിൽ ആലോചനയോ ചർച്ചയോ നടന്നിട്ടില്ലെന്ന് എം വി ഗോവിന്ദൻ - MV Govindan About Bar Bribery Case