ഒറ്റപ്ലാവ് പ്രദേശം കടുവ ഭീഷണിയില്‍ കണ്ണൂര്‍ :കണ്ണൂർ കൊട്ടിയൂര്‍ പഞ്ചായത്തിലെ ഒറ്റപ്ലാവ് പ്രദേശം കടുവ ഭീഷണിയില്‍. കഴിഞ്ഞ ദിവസം കൃഷിയിടത്തില്‍ കടുവയെ കണ്ടതോടെയാണ് ഈ മേഖലയില്‍ ജനങ്ങള്‍ ഭീതിയിലായത്. വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന വ്യാപകമാക്കിയെങ്കിലും കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
പഞ്ചായത്ത് പ്രസിഡന്‍റ് റോയ് നമ്പുടാകം, മിനി പൊട്ടങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തിരച്ചില്‍ നടത്തി. ഭീതിയിലായ പ്രദേശവാസികള്‍ക്ക് സുരക്ഷയ്‌ക്കായും കടുവയെ ഈ മേഖലയില്‍ നിന്ന് അകറ്റാനും പടക്കം നല്‍കാന്‍ വനം വകുപ്പിനോട് പഞ്ചായത്ത് പ്രസിഡന്‍റ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഈ ആവശ്യത്തിനായി ഈ മേഖലയില്‍ വ്യാപകമായ തിരച്ചില്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്. ഇന്ന് (02-03-2024) വൈകിട്ടോടെ സര്‍വ്വ സന്നാഹത്തോടെ വനം വകുപ്പ് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനമെടുത്തിട്ടുണ്ട്. കൊട്ടിയൂര്‍ - കേളകം പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഈ മേഖല കര്‍ഷകരുടെ ആവാസകേന്ദ്രമാണ്.
റബ്ബര്‍ വെട്ടാന്‍ പുലര്‍ച്ചയും രാവിലയും ഉച്ചതിരിഞ്ഞുമൊക്കെ കര്‍ഷകര്‍ ഈ മേഖലയില്‍ എത്താറുണ്ട്. പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തിന് സമീപമാണ് കടുവയുടെ സാന്നിധ്യം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം നിരവധി പുലികളെ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. പുലിക്ക് പുറമേ കടുവ കൂടി എത്തിയതോടെ നാട്ടുകാര്‍ ഭയപ്പാടിലാണ്. കാട്ടുപന്നിയുടെ ശല്യം ഇവിടെ നിരന്തരമായി ഉണ്ടാകാറുണ്ട്. അതിനെ വേട്ടയാടാനുള്ള അധികാരികളുടെ ശ്രമത്തിനിടയിലാണ് കടുവയുടെ ഭീഷണിയും വന്നെത്തിയത്.
ALSO READ : വന്യമൃഗ ശല്യം തടയാൻ ശാസ്‌ത്രീയമായ പ്രതിവിധികൾ സ്വീകരിച്ച് പെരിയാർ ടൈഗർ റിസർവിലെ ജീവനക്കാർ