പോത്തുകല്ലിലെ ആദിവാസി കുടുംബങ്ങള്‍ക്ക് സഹായഹസ്‌തവുമായി കോട്ടയത്തെ വിദ്യാര്‍ഥികള്‍ (ETV Bharat) എടക്കര:പോത്തുകല്‍ മുണ്ടേരി ഉള്‍വനത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് സഹായഹസ്‌തവുമായി കോട്ടയത്തെ വിദ്യാര്‍ഥികള്‍. കോട്ടയം പാമ്പാടി വിമലാംബിക സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഭക്ഷ്യക്കിറ്റുകളും ഗൃഹോപകരണങ്ങളും അടക്കമുള്ള അവശ്യ വസ്‌തുക്കളുമായി മുണ്ടേരിയിലെത്തിയത്. ഇന്ന് (ഓഗസ്റ്റ് 16) വൈകിട്ടാണ് സംഘം മുണ്ടേരിയിലെത്തി സാധനങ്ങള്‍ കൈമാറിയത്.
വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായവര്‍ക്ക് വിദ്യാര്‍ഥികള്‍ സമാഹരിച്ച തുകയില്‍ നിന്ന് സഹായം എത്തിച്ചിരുന്നു. ഇതിനിടെയിലാണ് മുണ്ടേരിയിലെ ആദിവാസി കുടുംബങ്ങള്‍ ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞവരുടെ മൃതദേഹങ്ങള്‍ ചാലിയാറില്‍ നിന്ന് കണ്ടെടുക്കുന്നതിന്‍റെയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്‍റെയും വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയാണ് വിദ്യാര്‍ഥികൾ അറിയുന്നത്.
കുത്തിയൊലിച്ചെത്തുന്ന മലവെള്ളത്തില്‍ ജീവന്‍ പണയപ്പെടുത്തി ചങ്ങാടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ആദിവാസികളുടെ ദുരിതാവസ്ഥ മനസിലാക്കിയാണ് ഇവരെയും സഹായിക്കണമെന്ന ചിന്തയില്‍ ഇവർ പോത്തുകല്ലിലെത്തിയത്. പ്ലസ്‌ടു വിദ്യാര്‍ഥികളായ വിപിന്‍ ബിജു, ജോഹാന്‍ ജിത്ത് എന്നിവരില്‍ നിന്ന് സഹായം ഏറ്റുവാങ്ങി നിലമ്പൂര്‍ വനം നോര്‍ത്ത് ഡിഎഫ്ഒപി കാര്‍ത്തിക് പരിപാടി ഉദ്ഘാടനം ചെയ്‌തു.
പാമ്പാടി വിമലാംബിക സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ പ്രദീപ് വാഴത്തറ മലയില്‍, വൈസ് പ്രിന്‍സിപ്പല്‍ എ ജെ അഗസ്റ്റിന്‍, പി ടി എ പ്രതിനിധികളായ ഷിന്‍സ് പീറ്റര്‍, സുബിന്‍ നെടുംപുറം, പൊതുപ്രവര്‍ത്തകരായ ഹാരിസ് ബാബു ചാലിയാര്‍, ലിബിന്‍ പായിക്കാടന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ തങ്ക കൃഷ്‌ണ, കെ ഷറഫുന്നിസ, പി എന്‍ കവിത എന്നിവര്‍ സംബന്ധിച്ചു.
Also Read :'കേരളം തങ്ങളെയും പരിഗണിക്കണം'; വയനാട് ഉരുള്‍ കവര്‍ന്ന ഉറ്റവരെയോര്‍ത്ത് വേദനയില്‍ ബിഹാറിലെ ഒരു ഗ്രാമം