കേരളം

kerala

ETV Bharat / state

സുജയുടെ 'ഹെവി' സ്വപ്‌നങ്ങള്‍ക്ക് അതിരില്ല; ഇത് പെട്രോൾ ടാങ്കറിന്‍റെ വളയം പിടിക്കുന്ന കാട്ടാക്കടക്കാരി.. - TANKER LORRY DRIVER SUJA OF MALAYAM

ടാങ്കര്‍ ലോറിയിലൊതുങ്ങുന്നില്ല സുജയുടെ സ്വപ്‌നം. അടുത്തതായി വോള്‍വോ ട്രക്ക് ഓടിക്കാന്‍ വേണ്ട തയാറെടുപ്പുകള്‍ നടത്തുകയാണ് സുജ..

LADY TANKER LORRY DRIVER  KATTAKKADA TANKER LORRY DRIVER SUJA  ടാങ്കര്‍ ലോറി ഡ്രൈവര്‍ സുജ  കാട്ടാക്കട ഹെവി ലോറി ഡ്രൈവര്‍ സുജ
Tanker Lorry Driver Suja (ETV Bharat)

By ETV Bharat Kerala Team

Published : Jan 26, 2025, 8:56 PM IST

തിരുവനന്തപുരം: സ്ത്രീകള്‍ സമൂഹത്തിന്‍റെ നാനാ തുറകള്‍ കീഴടക്കി മുന്നേറുകയാണ്. ആഗ്രഹങ്ങള്‍ എത്ര ചെറുതായാലും വലുതായാലും അത് നേടിയെടുക്കുക എന്നതാണ് പ്രധാനം. ഇത്തരത്തിൽ ബസും ലോറിയും അടക്കമുള്ള ഹെവി വാഹനങ്ങള്‍ ഓടിക്കാന്‍ ആഗ്രഹിക്കുന്ന സ്‌ത്രീകള്‍ക്ക് പ്രചോദനമാവുകയാണ് തിരുവനന്തപുരത്തെ മലയന്‍കീഴിന് സമീപമുള്ള മലയം സ്വദേശിനി സുജ. ടാങ്കര്‍ ലോറി ഡ്രൈവറായായ സുജ ചൂഴാറ്റുകോട്ടയിലെ താരമാണ്.

കുഞ്ഞുനാൾ മുതൽ ഡ്രൈവർ ആകണമെന്ന അതിയായ ആഗ്രഹമാണ് തന്നെ ഇവിടംവരെ എത്തിച്ചതെന്ന് സുജ പറയുന്നു.

"ചെറുപ്പത്തില്‍ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവറുടെ അടുത്ത് തന്നെ ഇരിപ്പിടം തേടും. ഡ്രൈവർ വാഹനമോടിക്കുമ്പോഴുള്ള കൈയ്യുടെയും കാലിന്‍റെയും ചലനങ്ങൾ ശ്രദ്ധിക്കും," സുജ പറഞ്ഞു.

സുജ ഇടിവി ഭാരതിനോട് (ETV Bharat)

ഡ്രൈവറാകണമെന്ന മോഹം കൊണ്ട് നടക്കുമ്പോഴാണ് സുജയ്‌ക്ക് കല്യാണ ആലോചന തുടങ്ങിയത്. പെണ്ണുകാണാനെത്തിയ ആളോട് സുജയ്ക്ക് ഒറ്റ ഡിമാന്‍റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 'എനിക്ക് ഹെവി ഡ്രൈവർ ആകണം. ആ ആഗ്രഹം സമ്മതിച്ചാൽ കല്യാണത്തിന് തയ്യാർ.' പെണ്ണുകാണാനെത്തിയ അൽഫോൺസ് ഡ്രൈവർ ആയതിനാൽ അദ്ദേഹത്തിന് ഡബിൾ സമ്മതം.

അങ്ങനെ ജീവിത യാത്രയ്‌ക്കൊപ്പം സുജ ഡ്രൈവിങ് പഠനവും പൂർത്തിയാക്കി. ലൈസൻസ് എടുത്ത ശേഷം ടാക്‌സി ഓടിച്ചും സ്‌കൂൾ വാഹനങ്ങൾ ഓടിച്ചും സുജ ആദ്യ പടി കടന്നു. 2022 ൽ സ്‌കൂൾ ബസ് ഡ്രൈവറായും സ്‌കൂൾ ടീച്ചറായും ഇരട്ട റോളിൽ സുജ തിളങ്ങി. ഹെവി ലൈസന്‍സ് എടുത്തതിന് പിന്നാലെ കേരള തമിഴ്‌നാട് റോഡിൽ ലോറി ഓടിച്ച് തുടങ്ങി. ഇപ്പോൾ ഹെവി ലൈസന്‍സ് എടുത്തിട്ട് പതിനാല് വർഷം ആയെന്നും സുജ പറയുന്നു.

ലോറി ഡ്രൈവറായി പലയിടങ്ങളില്‍ പോയിട്ടുണ്ടെങ്കെലും ഇതുവരെ ഒരു ദുരനുഭവും ഉണ്ടായിട്ടില്ലെന്ന് സുജ പറയുന്നു. കൊറോണ സമയത്ത് ഒഴികെ നല്ല രീതിയിലുള്ള അംഗീകാരമാണ് കിട്ടുന്നത്. ഈ പ്രചോദനമാണ് ടാങ്കർ ലോറി ഓടിക്കാനുള്ള ആഗ്രഹത്തിലേക്ക് എത്തിച്ചതെന്നും സുജ വെളിപ്പെടുത്തി.

"മറ്റ് വാഹനങ്ങൾ ഓടിക്കാൻ ഹെവി ലൈസൻസ് മതിയെങ്കിലും ടാങ്കർ ലോറി ഓടിക്കാൻ ഹസാഡസിൻ്റെ ലൈസൻസ് വേണം. ഒരു വർഷം മുമ്പ് ഹസാഡസ് ലൈസൻസ് എടുത്തെങ്കിലും ഒരു മാസം മുമ്പാണ് കാട്ടാക്കടയിലെ സ്വകാര്യ പമ്പിൽ ഡ്രൈവറായി ജോലി കിട്ടിയത്." സുജ പറഞ്ഞു.

ഇന്ത്യൻ ഓയിൽ ശ്രീറാം പമ്പിൻ്റെ ഉടമസ്ഥയിലുള്ള ടാങ്കറിൽ എറണാകുളം തൃപ്പൂണിത്തുറയിലെ ഇരുമ്പനം എന്ന സ്ഥലത്തു നിന്ന് ഇന്ധനം നിറച്ച് തിരുവനന്തപുരം കാട്ടാകടയിലെ പമ്പിലെത്തിക്കും. പോകുന്നയിടങ്ങളിലെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും കൂടുതൽ വനിതകൾ ഹെവി വാഹനങ്ങൾ ഓടിക്കാൻ രംഗത്തെത്തണമെന്നും സുജ പറയുന്നു.

ആഗ്രഹങ്ങൾ തീരുന്നില്ല; അടുത്തത് വോൾവോ

ടാങ്കര്‍ ലോറിയിലൊതുങ്ങുന്നില്ല സുജയുടെ സ്വപ്‌നം. അടുത്തതായി വോള്‍വോ ട്രക്ക് ഓടിക്കാന്‍ വേണ്ട തയാറെടുപ്പുകള്‍ നടത്തുകയാണ്. സുജയുടെ ഭര്‍ത്താവ് അൽഫോൺസ് നിലവിൽ സ്‌കൂൾ ഡ്രൈവറായി ജോലി നോക്കുകയാണ്. മകൾ അഖിജ എൻഞ്ചിനീയറിങ് വിദ്യാർത്ഥിയും മകൻ അജിൻ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥിയുമാണ്.

Also Read:

  1. ഒരുതുള്ളി ചോര വീഴ്‌ത്താതെ ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടത്തിയ മലയാളി; കണ്ണൂരുകാരി റീഷ്‌മ രമേശൻ ഐപിഎസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആദരം
  2. ഏഷ്യയിലെ ആദ്യ വനിത കോഫി ടേസ്റ്റർ; സുനാലിനി മേനോന്‍റെ ജീവിതം..
  3. അഭിമാനം വാനോളം; ഐഎൻഎസ്‌വി തരിണിയില്‍ ഉലകം ചുറ്റാന്‍ രണ്ട് വനിത നേവി ഉദ്യോഗസ്ഥര്‍; ഒരാള്‍ മലയാളി
  4. കുഞ്ഞു കല്ലുകൾ കണ്ടെത്തിയൊരു തൊഴിലിടം; വെറൈറ്റിയാണ് മയ്യിൽ ചെക്ക്യാട്ട് സിൻഹാരയിലെ വനിത കൂട്ടായ്‌മ
  5. ഒച്ചുകളെ ഇനി ജൈവരീതിയിൽ തുരത്താം; പരിഹാരവുമായി ഇടുക്കിയിലെ ഒരു കർഷക

ABOUT THE AUTHOR

...view details