കോഴിക്കോട് :വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥന്‍റെ മരണം ആൾക്കൂട്ട വിചാരണക്ക് പിന്നാലെയെന്ന് പൊലീസ്. ഹോസ്റ്റലിലെ നടുമുറ്റത്ത് വച്ച് മറ്റ് വിദ്യാർഥികൾ കണ്ടു നിൽക്കെയായിരുന്നു സിദ്ധാർഥന് ക്രൂരമർദനമേറ്റത്. ക്യാമ്പസിൽ സിദ്ധാർഥൻ നേരിട്ടത് മൃഗീയമായ വിചാരണയെന്നും അന്വേഷണത്തിൽ വ്യക്തമായി.
130 വിദ്യാർഥികളുള്ള ഹോസ്റ്റലിൽ പരസ്യ വിചാരണ നടന്നിട്ടും ഒരാൾ പോലും സഹായത്തിന് എത്തിയില്ല (Student Suicide Hostel In Vythiri). വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്ന ഭീഷണി ഉണ്ടായിരുന്നെന്നും വിദ്യാർഥികൾ പൊലീസിനോട് പറഞ്ഞു.
ഫെബ്രുവരി 16, 17 തീയതികളിൽ കോളജിൽ സ്പോർട്‌സ് ഡേ ആയിരുന്നു. 16 ലന് രാത്രിയാണ് സിദ്ധാർഥന് നേരെ വിചാരണയും മർദനവും ഉണ്ടായത്. തൊട്ടടുത്ത ദിവസവും സിദ്ധാർഥന്‍റെ നീക്കങ്ങൾ മർദിച്ച് വിട്ടവർ നിരീക്ഷിച്ചിരുന്നു. അതോടെ കാര്യം നിസാരമാക്കിയെന്നു അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു.
ഫെബ്രുവരി 18ന് കുളിക്കാൻ പോകുന്നു എന്ന് പറഞ്ഞ് പോയ സിദ്ധാർഥനെ പിന്നീട് ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിലാണ് കണ്ടത് (Suicide in Men's Hostel). ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. റാഗിങ് സെല്ലിൻ്റെ ഇടപെടലോടെയാണ് എല്ലാം പുറത്തായത്.
ഇതോടെ, പന്ത്രണ്ട് പ്രതികൾ ഒളിവിൽ പോയി. ഇവർക്കെതിരെ ആത്മഹത്യപ്രേരണ, റാഗിങ് നിരോധന നിയമം (Prohibition of Suicide and Ragging Act) എന്നിവ ചേർത്താണ് പൊലീസ് കേസെടുത്തത്. ഇതിന് പുറമെ ക്രിമിനൽ ഗൂഢാലോചന കൂടി ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.