തിരുവനന്തപുരം : മഞ്ഞ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്‌റ്ററിംഗ് രണ്ടാം ദിനവും മുടങ്ങി. സെര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്നാണ് മസ്‌റ്ററിംഗ് രണ്ടാം ദിനവും മുടങ്ങിയതെന്നാണ് ഭക്ഷ്യ വകുപ്പിന്‍റെ വിശദീകരണം. ഇന്നലെയും ജനങ്ങളെ വലച്ച് സെര്‍വര്‍ തകരാര്‍ മൂലം റേഷന്‍ കാര്‍ഡ് മസ്‌റ്ററിംഗ് തടസപ്പെട്ടിരുന്നു .( Ration Card Mustering).
മുന്‍ഗണന കാര്‍ഡായ മഞ്ഞ കാര്‍ഡുകാര്‍ക്കാണ് ഇന്നും മസ്‌റ്ററിംഗ്. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്താനായി ആരംഭിച്ച മസ്‌റ്ററിംഗ് നടപടികള്‍ സാങ്കേതിക തകരാര്‍ മൂലം ജനങ്ങളെ വലയ്ക്കുകയാണ്. മഞ്ഞ കാര്‍ഡുകാരുടെ മസ്‌റ്ററിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മറ്റ് കാര്‍ഡുകാരുടെ മസ്‌റ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടത്. മസ്‌റ്ററിഗിനായി സംസ്ഥാനത്ത് മൂന്ന് ദിവസം റേഷന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
വിവിധ സര്‍ക്കാര്‍ പെന്‍ഷനുകളുടെ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ വാങ്ങാനും റേഷന്‍ കാര്‍ഡുകളില്‍ നിന്നും മരണപ്പെട്ടവരുടെ പേരുകള്‍ മാറ്റാനുമായിട്ടാണ് മസ്‌റ്ററിംഗ് നടത്തുന്നത്. റേഷന്‍ വിതരണം മസ്‌റ്ററിംഗ് കാരണം കൂടുതല്‍ സമയം തടസപ്പെട്ടാല്‍ ഏപ്രില്‍ മാസത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ റേഷന്‍ വിതരണത്തിനായി അനുവദിക്കാമെന്നായിരുന്നു ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ ഇന്നലെ അറിയിച്ചത്.