സത്യചന്ദ്രൻ പൊയിൽക്കാവ് ഇടിവി ഭാരതിനോട്... (ETV Bharat) കോഴിക്കോട്:ജീവിതാനുഭവങ്ങളിൽ വെന്തുരുകുമ്പോഴും കവിതയെ മുറുകെ പിടിച്ച സത്യചന്ദ്രൻ പൊയിൽക്കാവിന്‍റെ കവിത ഏഴാം ക്ലാസിലെ പാഠ്യവിഷയമാകുന്നു. 33 വർഷം മുമ്പ് എഴുതി പ്രസിദ്ധീകരിച്ച വരികളാണ് കേരള പാഠാവലിയിൽ ഇടം പിടിച്ചിരിക്കുന്നത്. കുട്ടിക്കാലത്തിന്‍റെ ഓർമകളാണ് കവിതയ്‌ക്ക് ആധാരമെന്ന് സത്യചന്ദ്രൻ പറഞ്ഞു.
ശാസ്‌ത്ര സാഹിത്യ പരിഷത്തിന്‍റെ യുറീക്കയിലാണ് ഈ കവിത ആദ്യമായി അച്ചടിച്ച് വന്നത്. ഒരു അധ്യാപകൻ ആവശ്യപ്പെട്ടപ്പോഴാണ് മലയാളത്തേയും ഭാഷയേയും പ്രകീർത്തിക്കുന്ന കവിതയുടെ വരികൾ വിരിഞ്ഞത്. 'മലയാളം കേൾക്കാൻ വായോ.. മാമലകൾ കാണാൻ വായോ.. മഴ പെയ്യും നേരം പുഴയുടെ മയിലാട്ടം കാണാൻ വായോ.. എന്ന് തുടങ്ങുന്ന 12 വരി കവിത, പാഠപുസ്‌തകത്തിൻ ഇടം പിടിച്ചത് വലിയ അംഗീകാരമാണെന്ന് സത്യചന്ദ്രൻ പറഞ്ഞു.
ഒഎൻവി, ശ്രീകുമാരൻ തമ്പി, കുഞ്ഞുണ്ണി മാഷ് എന്നിവരുടെ കവിത അടങ്ങിയ മധുരം മലയാളത്തിൽ ഇടം പിടിച്ച വരികൾ കൂടിയാണിത്. വിജയ് യേശുദാസ് ആലപിച്ചതിലൂടെ മലയാളികളുടെ പ്രിയപ്പെട്ട വരികളായും ഇത് മാറി. നാട്ടുകാരനായ ഒരു സൈനികൻ പോർമുഖത്ത് നിൽക്കുമ്പോൾ ഈ വരികൾ കേൾക്കാൻ വേണ്ടി വിളിച്ചതിന്‍റെ ഈറനണിയുന്ന ഓർമകളും സത്യചന്ദ്രന് പറയാനുണ്ട്.
വിശപ്പിന്‍റെ വിളിയിൽ കവിതയുംപേറി ചുടുപാതയിലൂടെ സഞ്ചരിച്ച സത്യന്‍റെ വരികൾ പേരുപോലെ സത്യസന്ധതയും തെളിച്ചവും അനുഭവങ്ങളുടെ ആഴങ്ങളിൽ നിന്നും ഉണ്ടായതാണ്. മൂന്ന് സെന്‍റിലെ ഒറ്റമുറി വീട്ടിൽ ഭാര്യക്കൊപ്പം കഴിയുന്ന സത്യന് കൂട്ടായി 9 പൂച്ചകളുമുണ്ട്. ആകെ ആശ്രയമായ റേഷനരിയിൽ നല്ലൊരു പങ്ക് അവർക്കുള്ളതാണ്.
അതിജീവനത്തിനുള്ള ഒരേയൊരു വഴിയായിരുന്നു സത്യചന്ദ്രന് കവിതയെഴുത്ത്. എഴുതിയ കവിതകൾ തലയിൽ പേറി ആവശ്യക്കാരെ തേടി നടന്നിട്ടുണ്ട് ഈ കവി. കവിത അക്ഷരാർഥത്തിൽ അന്നമാകുന്നു സത്യചന്ദ്രന്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചതടക്കം ഇരുപത്തഞ്ചോളം കവിതാസമാഹാരങ്ങൾ അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങിയിട്ടുണ്ട്. 'വൈകുന്നേരങ്ങളുടെ സമാഹാരം' ആണ് അവസാനമായി പുറത്തിറങ്ങിയത്. വേലായുധപ്പണിക്കർ നാടിനെ നടുക്കിയ ജീവിതം, ഇടതുവശത്തെ ആകാശം എന്നിവ പുറത്തിറങ്ങാനിരിക്കുന്നു.
പൊയിൽക്കാവ് ഹൈസ്‌കൂളിലെ പഠനത്തിനിടെ 13-ാംവയസിലാണ് സത്യചന്ദ്രൻ കവിത എഴുതിത്തുടങ്ങിയത്. കോഴിക്കോട് കളക്‌ടറായിരുന്ന കെ ജയകുമാർ കവിതകൾ വായിച്ച് അഭിനന്ദിച്ചതും അവയിൽനിന്ന് അദ്ദേഹം തെരഞ്ഞെടുത്തയച്ചവ കലാകൗമുദിയിൽ അച്ചടിച്ചുവന്നതും കവിതയെഴുത്തിന് വലിയ പ്രചോദനമായതായി. നടൻ കമൽഹാസനെ കുറിച്ചെഴുതിയ കവിത അദ്ദേഹം വായിച്ചാസ്വദിച്ചതും അതെഴുതിയയാളെ കാണാൻ താത്പര്യം പ്രകടിപ്പിച്ചതും കവിത ആലേഖനംചെയ്‌ത ശിൽപം അദ്ദേഹത്തിന് സമ്മാനിച്ചതുമെല്ലാം ഭാഗ്യമാണെന്ന് സത്യചന്ദ്രൻ പറയുന്നു. അതിനിടയിൻ കൈവെച്ച തിരക്കഥ - പിന്നണിഗാന രചനയിൽ നിന്നും നേരിട്ട ചതിയുടെ രംഗങ്ങൾ പങ്കുവയ്‌ക്കുന്നുണ്ട്, അടുത്ത ഭാഗത്തിൽ.
ALSO READ:കാനിലെ ഇന്ത്യയുടെ ചരിത്ര വനിത; അറിയുമോ പായൽ കപാഡിയയെ?