എറണാകുളം :മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ കമ്പനി എംഡി സി എൻ ശശിധരൻ കർത്തയെ ഇഡി ചോദ്യം ചെയ്യുന്നു. ആലുവ തോട്ടക്കാട്ട് കരയിലെ ശ്രീവത്സം വീട്ടിലെത്തിയാണ് കർത്തയെ ചോദ്യം ചെയ്യുന്നത്. ഉച്ചയ്‌ക്ക് ഒന്നരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ തുടരുകയാണ്.
നേരത്തെ രണ്ടുതവണ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും കർത്ത എത്തിയിരുന്നില്ല. ആരോഗ്യകരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് ശശിധരൻ കർത്ത ഇഡിയെ അറിയിച്ചിരുന്നു. കൂടാതെ ഇഡിയുടെ നോട്ടിസ് ചോദ്യം ചെയ്‌ത് കർത്ത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു. ഈ ഹർജി വെള്ളിയാഴ്‌ച കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡി ഉദ്യോഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്യുന്നത്.
മാസപ്പടി കേസിൽ നിർണായകമായ നീക്കത്തിലേക്ക് ഇഡി കടക്കുന്നതിൻ്റെ സൂചന കൂടിയാണിത്. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തെങ്കിലും സിഎംആർഎൽ കമ്പനിയും എക്‌സാലോജിക്ക് കമ്പനിയും തമ്മിലുള്ള കരാർ രേഖകൾ ഇഡിക്ക് ലഭിച്ചിരുന്നില്ല. ആദായ നികുതി സെറ്റിൽമെൻ്റ് ബോർഡ് തീർപ്പാക്കിയ കേസിലെ രേഖകൾ നൽകാനാവില്ലെന്നാണ് ഉദ്യോഗസ്ഥർ ഇഡിയെ അറിയിച്ചത്.
സിഎംആർഎൽ ഉദ്യോഗസ്ഥരെ ഒരു ദിവസം നീണ്ട മാരത്തോൺ ചോദ്യം ചെയ്യലിനാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് വിധേയമാക്കിയത്. തിങ്കളാഴ്‌ച വൈകുന്നേരം തുടങ്ങിയ ചോദ്യം ചെയ്യൽ തുടർച്ചയായ രണ്ടാം ദിവസമായിരുന്നു പൂർത്തിയായത്. കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരെയാണ് കൊച്ചിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്‌തത്. ഇതിൽ സിഎംആർഎൽ കമ്പനി ഇഡിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്.