പത്തനംതിട്ട :റാന്നി ചെറുകുളഞ്ഞിയിൽ നിന്ന് കാണാതായ പത്തു വയസുകാരിയെ കണ്ടെത്തി. കുട്ടിയുടെ വീട്ടിൽ നിന്നും 2 കിലോ മീറ്റർ അകലെയുള്ള ബന്ധുവീടിന് പരിസരത്ത് നിന്നുമാണ് കണ്ടെത്തിയത്. കുട്ടി സുരക്ഷിതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് (ജൂലൈ 28) രാവിലെ 9 മണിയോടെയാണ് സംഭവം.
കുട്ടിയെ കാണാതായ വിവരം ലഭിച്ചയുടനെ ജില്ല പൊലീസ് മേധാവിയുടെ ഓഫിസ് അടിയന്തര പ്രാധാന്യത്തോടെ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹായം അഭ്യര്‍ഥിച്ച് ഔദ്യോഗിക വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയിരുന്നു. തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരുമുൾപ്പെടെ കുട്ടിയ്ക്കായി തെരച്ചിൽ ആരംഭിച്ചു. പൊലീസും അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
തുടർന്നാണ് വീട്ടിൽ നിന്നും ഏകദേശം 2 കിലോമീറ്ററോളം അകലെയുള്ള ബന്ധു വീടിന്‍റെ പരിസരത്ത് നിന്നും കുട്ടിയെ കണ്ടെത്തിയത്. രാവിലെ ഭക്ഷണം കൊടുത്ത് അടുക്കളയിലേക്ക് പോയി തിരിച്ചെത്തിയപ്പോഴേക്കും മുറിയിൽ കുട്ടിയെ കണ്ടില്ലെന്നായില്ലെന്നാണ് മുത്തശ്ശി പറഞ്ഞത്. വീടിന് പരിസരത്ത് തെരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനാവാത്തതിനെ തുടർന്നാണ് വിവരം പൊലീസിൽ അറിയിച്ചത്.
കുട്ടി ബന്ധു വീട്ടിലേക്ക് പോയതായിരിക്കാം എന്നാണ് കരുതുന്നത്. കുട്ടി വീട്ടിൽ നിന്നും പോകാനുണ്ടായ കാരണങ്ങൾ ഉൾപ്പെടെ വ്യക്തമല്ല. പൊലീസ് കുട്ടിയിൽ നിന്നും ഇക്കാര്യങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
Also Read: വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി