ഇടുക്കി : പലയിടത്തും വരൾച്ച പിടിമുറുക്കുമ്പോള്‍ മലമുകളിൽ വറ്റാത്ത നീരുറവയുടെ നിറകുടമൊരുക്കി സന്ദർശകർക്ക് കുളിരുപകരുകയാണ് സേനാപതി പഞ്ചായത്തിലെ കാറ്റൂതിമേട്. സമുദ്രനിരപ്പില്‍ നിന്ന് മൂവായിരം അടി ഉയരത്തിലാണ് ഈ പരിസ്‌ഥിതി സൗഹൃദ ഹരിതകേദാരം. കാറ്റൂതിമേട് എന്ന പേരിനാധാരം നിരന്തരം വീശിയടിക്കുന്ന കാറ്റാണ്.
ഏത് കൊടിയ വേനലിലും വറ്റാത്ത ആമ്പല്‍ക്കുളമാണ്, കാവും പുല്‍മേടുമൊക്കെയായി 50 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കാറ്റൂതി താഴ്‌വരയിലെ മുതുവാന്‍ സമുദായത്തില്‍പ്പെട്ട ആദിവാസികള്‍ മലമുകളിലെ കുളക്കരയില്‍ കണ്ണിമാരമ്മന്‍ കറുപ്പ് സ്വാമിയുടെ വിഗ്രഹം പ്രതിഷ്‌ഠിച്ചതോടെ കറുപ്പ് സ്വാമി കാറ്റൂതിമേടിന്‍റെ കാവല്‍ ദൈവമായി മാറി. ആദിവാസി ഗ്രാമങ്ങളെയും കൃഷിയിടങ്ങളെയും കാക്കുന്നത് കറുപ്പ് സ്വാമിയാണെന്ന് ഇവര്‍ വിശ്വസിക്കുന്നു.
ആദിവാസികളെല്ലാം മലയിറങ്ങിയെങ്കിലും സമീപ ഏലത്തോട്ടങ്ങളിലെ തൊഴിലാളികളാണ് കാവ് സംരക്ഷിക്കുന്നത്. മകരമാസത്തിലെ പൗര്‍ണമിയിലാണ് കാവിലെ പൊങ്കാലയും, മുളകുപാറിയുമുള്‍പ്പടെയുള്ള പ്രധാന ആഘോഷം. കറുപ്പ് സ്വാമിയെക്കൂടാതെ സപ്‌ത കന്യകമാരുടെ പ്രതിഷ്‌ഠയും ഇവിടെയുണ്ട്. ദേവനര്‍ത്തകിമാർ രാത്രി കാലങ്ങളില്‍ നീരാടുന്നതിനായി കാറ്റൂതിമേട്ടിലെ കുളത്തിലെത്തിയിരുന്നുവെന്നാണ് മറ്റൊരു ഐതിഹ്യം.