കോഴിക്കോട്:പദ്‌മശ്രീ മീനാക്ഷി എന്ന പേര് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. ഏഴാം വയസ്സു മുതല്‍ 67 വര്‍ഷത്തിലധികമായി കളരി ജീവിതമാക്കിയ മീനാക്ഷി ഗുരുക്കൾ. പെൺകുട്ടികൾ കളരിമുറ്റത്തേക്ക് ഇറങ്ങാൻ മടിച്ചിരുന്ന കാലത്ത് കളരി അഭ്യസിച്ച് തുടങ്ങിയതാണ് മീനാക്ഷി അമ്മ.
സ്‌കൂളുകൾ കേന്ദ്രീകരിച്ച് പെൺകുട്ടികളും കളരിമുറകൾ പഠിക്കണം എന്നത് മീനാക്ഷി ഗുരുക്കളുടെ എക്കാലത്തേയും വലിയ ആഗ്രഹമാണ്. ഇന്നത് കാലഘട്ടത്തിന്‍റെ കൂടി ആവശ്യമായി മാറിയിരിക്കുന്നു. മന്ത്രിമാരോടും നഗരസഭാ അധികൃതരോടുമെല്ലാം പല തവണ ആവശ്യപ്പെട്ടു. ഒടുവിൽ ആ ആഗ്രഹം സാധ്യമാകുകയാണ്. പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനായി "ആർച്ച" എന്ന പേരിൽ വടകര നഗരസഭയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. നഗരസഭ പരിധിയിലെ ഏഴ് സ്‌കൂളുകളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് കളരി അധിഷ്‌ഠിത സ്വയരക്ഷ പരിശീലനം നൽകുന്നത് (Kalari based self defense training for girls in Vadakara municipality).