ഇടുക്കി :നേര്യമംഗലം വനമേഖലയിലും ദേശീയപാതയോരത്തും മാലിന്യം കുമിയുന്നു. സഞ്ചാരികളായി എത്തുന്നവര്‍ ഭക്ഷണം കഴിച്ച ശേഷം മാലിന്യം നിക്ഷേപിച്ച് പോകുന്നതാണ് പ്രശ്‌നത്തിന് കാരണം. ഇത്തരക്കാരെ കണ്ടെത്തി മുന്‍കാലങ്ങളിലേതു പോലെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യവുമായി നാട്ടുകാർ.
ദേശിയപാതയിലൂടെ മൂന്നാറിലേക്ക് ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. എത്തുന്നവരില്‍ ചിലര്‍ പാതയോരത്ത് മാലിന്യം നിക്ഷേപിച്ച് പോകുന്നതാണ് പ്രതിസന്ധി ഉയര്‍ത്തുന്നത്. യാത്രാമധ്യേ കഴിക്കാന്‍ സംഘമായി എത്തുന്ന സഞ്ചാരികള്‍ പലപ്പോഴും കൈവശം ഭക്ഷണം കരുതാറുണ്ട്. വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ആളൊഴിഞ്ഞ ഇടങ്ങളില്‍ ഭക്ഷണം കഴിച്ച ശേഷം മാലിന്യം അവിടെ തന്നെ നിക്ഷേപിച്ച് പോകുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഇതാണ് നേര്യമംഗലം വനമേഖലയിലടക്കം പലയിടത്തും മാലിന്യം കുമിയാന്‍ ഇടവരുത്തിയിട്ടുള്ളത്.