തിരുവനന്തപുരം :ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വി മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 11.35 ഓടെ ബിജെപി പ്രവർത്തകർക്കൊപ്പം കലക്ട്രേറ്റിൽ എത്തിയ മുരളീധരൻ അഡിഷണൽ ഡിസ്ട്രിക്‌ട് മജിസ്ട്രറ്റ് പ്രേംജിക്ക് മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
പ്രമുഖ നേതാക്കളായ പി കെ കൃഷ്‌ണദാസ്, വിഷ്‌ണുപുരം ചന്ദ്രശേഖർ, എസ്‌ആർഎം അജി ഉൾപ്പെടെ നൂറ് കണക്കിന് ബിജെപി പ്രവർത്തകർക്കൊപ്പം ജാഥയായാണ് മുരളീധരൻ കളക്ട്രേറ്റിലേക്ക് എത്തിയത്. നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി പത്മനാഭസ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും മുരളീധരൻ ദർശനം നടത്തിയിരുന്നു. തൈക്കാട് ശ്രീധർമ്മശാസ്‌ത ക്ഷേത്രത്തിലും ദർശനം നടത്തി.
നാമനിർദേശപത്രിക സമർപ്പണത്തിന് മുന്നോടിയായി ആറ്റിങ്ങലിൽ മുരളീധരന് സ്വീകരണവും നൽകിയിരുന്നു. നാമനിർദേശ പത്രികയോടെപ്പം സമർപ്പിക്കാനുള്ള തുക സംഭാവന ചെയ്‌തത് യുക്രെയ്‌നിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ മലയാളി വിദ്യാർഥികളാണ്.
യുദ്ധസമയത്ത് കേന്ദ്ര സർക്കാർ രക്ഷപ്പെടുത്തി കൊണ്ടുവന്ന വിദ്യാർഥികളുടെ കൂട്ടായ്‌മയാണ് പണം സ്വരൂപിച്ച് നൽകിയത്. ഇവർക്കൊപ്പം രക്ഷിതാക്കളും പണം കൈമാറാൻ ഇന്നലെ എത്തിയിരുന്നു. വിദേശകാര്യ മന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് നന്ദിയെന്ന രീതിയിലാണ് പണം പിരിച്ചു നൽകിയതെന്ന് വിദ്യാർഥി പ്രതിനിധികൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.